ചാരുംമൂട്: റോഡ് തകർന്നത് മൂലം കോഴിഫാം തുറക്കാനാവാതെ വലയുകയാണ് അർബുദ രോഗിയായ താമരക്കുളം വേടരപ്ലാവ് പുത്തൻതറ തെക്ക് സുരേഷ് (48). ജീവിതോപാധിയായ ഫാം കഴിഞ്ഞ 6 മാസത്തോളമായി തുറക്കാനാവാത്തതാണ് സുരേഷിന്റെ ജീവിതം പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
പതിനാറാം വാർഡിൽ പള്ളിയമ്പിൽ മുക്കുഴി ഇംഗ്ഷനിൽ നിന്നു തോട്ടത്തറ ഭാഗത്തേക്കുള്ള പഞ്ചായത്ത് റോഡാണ് തകർന്നു കിടക്കുന്നത്. മുക്കുഴി ജംഗ്ഷനിൽ നിന്നു ഉള്ളിലേക്കുമാറി റോഡിനോടു ചേർന്നാണ് സുരേഷിന്റെ ഫാമും വീടും സ്ഥിതി ചെയ്യുന്നത്. ഇവിടെ 150 മീറ്ററോളം സ്ഥലത്ത് റോഡ് പൂർണ്ണമായും തകർന്ന അവസ്ഥയിലാണ്. ഇതിനാൽ ഫാമിലേക്ക് ലോഡ് എത്തിക്കാൻ കഴിയാത്തതാണ് പ്രധാന വെല്ലുവിളി. കഴിഞ്ഞ പ്രളയത്തിലാണ് റോഡ് തകർന്നത്.
പ്രവാസിയായിരുന്ന സുരേഷ് അഞ്ചു വർഷം മുമ്പ് നാട്ടിലെത്തിയതോടെയാണ് ഉപജീവനത്തിനായി ഫാം തുടങ്ങിയത്. അടുത്തിടെ രോഗബാധിതനായതോടെ ജീവിതം വല്ലാത്ത ബുദ്ധിമുട്ടിലായി. റോഡ് ഉപയോഗയോഗ്യമാക്കിയാൽ സാധനങ്ങളെത്തിക്കാനും ഫാം തുറക്കാനും കഴിയുമെന്ന് സുരേഷ് പറയുന്നു.