a

 പ്രിയശിഷ്യയ്ക്ക് വീടൊരുക്കാൻ മുൻകൈയെടുത്തത് അദ്ധ്യാപകൻ

മാവേലിക്കര: വൈദ്യുതിയില്ലാത്ത ഇടുങ്ങിയ ഒറ്റമുറി വീട്ടിൽ അന്തിയുറങ്ങിയ മൂന്ന് വിദ്യാർത്ഥിനികൾക്കും കുടുംബത്തിനും സുരക്ഷിത ഭവനമൊരുക്കാൻ വഴിതെളിച്ച് അദ്ധ്യാപകൻ. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും താമരക്കുളം വി.വി.എച്ച്.എസിലെ അദ്ധ്യാപകനുമായ ശാസ്താംകോട്ട ഭരണിക്കാവ് പൗർണ്ണമിയിൽ എൽ.സുഗതനാണ് നിർദ്ധനകുടുംബത്തിന് സഹായവുമായെത്തിയത്.

കൊവിഡ് കാലത്ത്, നാൽപതോളം വിദ്യാർത്ഥികളുടെ വീടുകളിലേക്ക് സമ്മാനപ്പൊതികളുമായി സുഗതൻ മാഷ് എത്തിയ വാർത്ത കഴിഞ്ഞ ദിവസം കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു. ഈ സന്ദർശനത്തിനിടെ മാവേലിക്കര കൊച്ചാലുംമൂട് ജംഗ്ഷന് സമീപത്തായി താമസിക്കുന്ന പൗർണമിയെന്ന വിദ്യാർത്ഥിനിയുടെ വീട്ടിൽ എത്തിയപ്പോൾ കണ്ട കാഴ്ച ആരുടെയും കരളലിയിക്കുന്നതായിരുന്നു. ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന പഴയ തീപ്പെട്ടി കമ്പനിയോട് ചേർന്ന് തകര ഷീറ്റുകൊണ്ട് മറച്ച ഒറ്റമുറി വീട്ടിലാണ് മൂന്ന് പെൺമക്കളും അച്ഛനും അമ്മയും കഴിഞ്ഞിരുന്നത്.
കുടുംബത്തിന്റെ അവസ്ഥ മനസിലാക്കിയ സുഗതൻ മാഷും സ്കൂൾ പി.ടി.എ പ്രസിഡന്റ് എം.എസ് സലാമത്തും തഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനില സതീഷിനെയും വാർഡ് മെമ്പർ മനു ഫിലിപ്പിനെയും നേരിൽ കണ്ട് വിഷയത്തിന്റെ പ്രാധാന്യം ബോദ്ധ്യപ്പെടുത്തി. അന്ന് രാത്രി തന്നെ പഞ്ചായത്ത് അധികൃതർ ഇവരെ ഒരു വാടക വീട്ടിലേക്ക് മാറ്റി. തുടർന്ന് മാവേലിക്കര ബ്ലോക്ക് പഞ്ചായത്തംഗം ദീപാ ജയാനന്ദിന്റെ നേതൃത്വത്തിൽ ഒൺലൈൻ പഠനത്തിനായി ടെലിവിഷൻ സമ്മാനിച്ചു. കുടുംബത്തിന് സ്വന്തമായി വസ്തുവും വീടും ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ആർ.രാജേഷ് എം.എൽ.എ അറിയിച്ചു. ഇതിനായുള്ള ഭരണപരമായ നടപടികൾ ആരംഭിച്ചതായും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

'ലൈഫിൽ" നിന്നും പുറത്ത്

40 വർഷം മുൻപ് ജോലി തേടി കേരളത്തിൽ എത്തിയതാണ് തമിഴ് വംശജരായ അന്നാ ലക്ഷ്മിയും ചെല്ലയ്യയും. എട്ട്, ഒൻപത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന മൂന്ന് പെൺകുട്ടികളുമൊത്താണ് ഒറ്റമുറി കൂരയിൽ ഇവരുടെ താമസം. ചെല്ലയ്യയ്ക്ക് തീപ്പെട്ടി കമ്പനിയിൽ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനം ഒന്നിനും തികയാതെ വന്നപ്പോഴാണ് വാടക വീട് ഒഴിഞ്ഞ് കമ്പനിയോട് ചേർന്നുള്ള ഒറ്റമുറി വീട്ടിൽ അഭയം പ്രാപിച്ചത്. മുമ്പ് ആർ.രാജേഷ് എം.എൽ.എ ഇടപെട്ട് ഇവരെ ചാരുംമൂട് പ്രീമെട്രിക് ഹോസ്റ്റലിൽ താമസിപ്പിച്ചിരുന്നതാണ്. എന്നാൽ ലോക്ക് ഡൗൺ ആയതോടെ വീണ്ടും ഈ ഒറ്റമുറി വീട്ടിൽലേക്ക് മടങ്ങേണ്ടി വന്നു.
വാർഡ് മെമ്പർ മനു ഫിലിപ്പ് ഇവർക്കായി റേഷൻ കാർഡ് ക്രമീകരിച്ച് നൽകുകയും ലൈഫ് പദ്ധതിയിൽ പേര് ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ലൈഫ് പദ്ധതിയിൽ നിന്ന് വീട് ലഭിച്ചില്ല.