ആലപ്പുഴ: ചെന്നിത്തല തൃപ്പെരുന്തറ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ കോമാട്ട് മുതൽ കനാൽപ്പടി വരെയുള്ള 125 മീറ്റർ റോഡിന്റെ ടെൻഡർ നടപടികൾ പൂർത്തിയായെങ്കിലും തുടർ നടപടികൾ ആരംഭിക്കാത്തത് നാട്ടുകാരെ ദുരിതത്തിലാക്കുന്നു.
രണ്ട്, മൂന്ന് വാർഡുകളിലെ പ്രധാന നടവഴിയാണിത്. നടന്നുപോകാൻ പോലും പറ്റാത്ത അവസ്ഥയിലാണ് നിലവിൽ ഈ റോഡ്. കരാറെടുത്തയാൾ വാർഡിലെ പല റോഡുകളുടെയും അറ്റകുറ്റപ്പണി ഏറ്റെടുക്കുകയും യഥാസമയം പൂർത്തിയാക്കുകയും ചെയ്യാതിരുന്നതിനാൽ തുക പഴയ പ്രവൃത്തികൾക്കു വേണ്ടി മാറ്റിവയ്ക്കുകയായിരുന്നു. ഇതേ കാലയളവിൽ തന്നെ ടെൻഡർ നടന്ന കൊച്ചുകടാമ്പള്ളിൽ- മഠത്തിൽ പടീറ്റതിൽ റോഡിലൂടെ നടക്കാൻ പോലുമാവാത്ത അവസ്ഥയാണ്. എത്രയും വേഗം റോഡ് പണികൾ പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.