s

ആലപ്പുഴ: സംസ്ഥാനത്ത് ഇളവുകൾ പ്രാബല്യത്തിൽ വരുമ്പോഴും ഇനിയും ജോലിയിൽ തിരിച്ച് പ്രവേശിക്കാനാവാതെ വിഷമിക്കുകയാണ് വലിയൊരു വിഭാഗം. വിവിധ വീടുകളിൽ ഗാർഹികജോലിക്ക് നിന്നിരുന്നതാണിവർ. അടുക്കള ജോലി, രോഗീപരിചരണം, പ്രസവശുശ്രൂഷ തുടങ്ങി വിവിധ തരം ജോലികൾക്കായി ആളുകളെ നൽകിയിരുന്ന ഏജൻസികളുടെ പ്രവർത്തനവും അവതാളത്തിലായി.

കൊവിഡ് 19 ഭീതി മൂലം പുറത്തു നിന്നുള്ള ജോലിക്കാരെയെടുക്കാൻ വീട്ടുകാർ തയ്യാറാവാതെ വന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. പാർട്ട് ടൈം വ്യവസ്ഥയിൽ വിവിധ വീടുകളിൽ ഒരേദിവസം ജോലി നോക്കിയിരുന്നവർക്കാണ് കൂടുതൽ തിരിച്ചടി. മാസത്തിൽ കുറഞ്ഞത് 25 ബുക്കിംഗുകൾ വരെ ലഭിച്ചിരുന്ന പല ഏജൻസികളിലും കഴിഞ്ഞ മൂന്നു മാസമായി ജോലിക്കാരെ തേടി ഒറ്റ വിളി പോലും വന്നിട്ടില്ല. പ്രായമായ പുരുഷൻമാരെ പരിചരിക്കാനുള്ള മെയിൽ നഴ്സിംഗ് വിഭാഗക്കാരൊഴികെ, ഏജൻസികളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഭൂരിഭാഗം പേരും സ്ത്രീകളാണ്.

 വീട്ടുകാരുടെ പേടിക്ക് പിന്നിൽ

പൊതുഗതാഗതത്തെ ആശ്രയിച്ചുള്ള യാത്രയ്ക്കും, പല വീടുകളിലെ ജോലിക്കും ശേഷം എത്തുന്നതിനാൽ അടുക്കള സഹായത്തിനു വന്നിരുന്നയാളെ തൽക്കാലം ഒഴിവാക്കേണ്ടി വന്നതായി നഗരത്തിലെ ഉദ്യോഗസ്ഥ ദമ്പതികൾ പറയുന്നു. എല്ലാം ജോലിയും തീർത്ത്, മക്കളുടെ സംരക്ഷണവും ഉറപ്പ് വരുത്തിയ ശേഷം ഓഫീസുകളിലെത്തുന്നതിന് ഏറെ കഷ്ടപ്പാടുണ്ട്. എന്നാലും രോഗഭീതി കൊണ്ട് ജോലിക്കാരെ വേണ്ടെന്ന് വയ്ക്കുകയായിരുന്നുവെന്ന് അവർ പറഞ്ഞു. പ്രസവ ശുശ്രൂഷയ്ക്കു വേണ്ടി ഹോംനഴ്സിനെ നിറുത്തിയിരുന്ന രീതിയും പലരും ഉപേക്ഷിച്ചു.

....................

വീട്ടുജോലിക്കാരുടെ വരുമാനം

(രൂപയിൽ)

15000 - 16000 (ഫുൾ ടൈം)

ദിവസം 300 + വണ്ടിക്കൂലി (പാർട്ട് ടൈം)

പ്രസവ ശുശ്രൂഷ

18000 - 20000 (ഫുൾ ടൈം)

ദിവസം 450 + വണ്ടിക്കൂലി (പാർട്ട് ടൈം)

........................

വർഷങ്ങളായി വീട്ടു ജോലിക്ക് പോയാണ് കുടംബം പുലർത്തുന്നത്. ഏജൻസി വഴി പോകുമ്പോൾ വിശ്വസിച്ച് വീടുകളിൽ നിൽക്കാനുള്ള ധൈര്യവുമുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിലധികമായി ഒരു രൂപയുടെ വരുമാനം പോലുമില്ല.

- മിനി, ആറാട്ടുവഴി

ജോലിക്കാരെ നൽകുന്ന ഏജൻസി കഴിഞ്ഞ 18 വർഷമായി നടത്തുന്നു. രോഗ ഭീതി മൂലം ഇപ്പോൾ ആരും വിളിക്കാറില്ല. ശമ്പളം വീട്ടുകാർ ജോലിക്കാർക്കു നൽകുകയും ഞങ്ങൾ സർവീസ് ചാർജ് മാത്രം ഈടാക്കുകയുമാണ് പതിവ്. വരുമാനം നിലച്ചതോടെ ലോട്ടറി കച്ചവടവും പാർസൽ ഊണിന്റെ കച്ചവടവും നടത്തുകയാണിപ്പോൾ

- ബി.പ്രസന്ന, അമൃതാനന്ദ ഹോം നഴ്സിംഗ്, പാതിരപ്പള്ളി