ആലപ്പുഴ: കരിമണൽ ഖനന പ്രദേശം സന്ദർശിക്കാൻ എത്തിയ പ്രതിപക്ഷ നേതാവിനും സമരസമിതി പ്രവർത്തകർക്കും എതിരെയല്ല, ഖനനത്തിൽ തെറ്റായ തീരുമാനം എടുത്ത മുഖ്യന്ത്രി, വ്യവസായ വകുപ്പ് മന്ത്രി എന്നിവർക്കെതിരെയാണ് കേസ് എടുക്കേണ്ടതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരൻ പറഞ്ഞു.
തോട്ടപ്പള്ളിയിൽ ജനകീയ സമരസമിതി നടത്തുന്ന റിലേസത്യാഗ്രഹത്തിന്റെ 20-ാം ദിവസത്തെ സമരം ഉദ്ഘാനം ചെയ്യുകയായിരുന്നു സുധീരൻ.
പ്രശ്നബാധിത പ്രദേശങ്ങൾ സന്ദർശിക്കേണ്ട ബാദ്ധ്യതയുള്ള പ്രതിപക്ഷനേതാവ് എത്തുമ്പോൾ സ്വഭാവികമായും ജനം കൂടും. തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം ആലപ്പുഴ തീരത്തെ ഖനനത്തിന്റെ തുടക്കാണ്.2003ൽ തീരദേശവാസികൾ ഒന്നടങ്കം എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് ജില്ലയിൽ കരിമണൽഖനനം വേണ്ടെന്നുവച്ചതാണ്. പരിസ്ഥിതിയെ തകർക്കുന്ന പദ്ധതികൾ നടപ്പാക്കാനാണ് സർക്കാർ ജാഗ്രത കാട്ടുന്നത്. കുട്ടനാട്ടിലെ പ്രളയജലം ഒഴുക്കി വിടാനാണെങ്കിൽ വീയപുരം മുതൽ തോട്ടപ്പള്ളി വരെ 11കിലോമീറ്ററിൽ ലീഡിംഗ് ചാനലിലും ആലപ്പുഴ-ചങ്ങനാശ്ശേരി കനാലിലും അടിഞ്ഞുകൂടിയ ചെളിയും എക്കലും നീക്കംചെയ്ത് പാർശ്വഭിത്തികൾ കെട്ടി നീരൊഴുക്ക് ശക്തമാക്കണം. കരിമണൽ ഖനനത്തിനെതിരെ മനുഷ്യമതിലിൽ അണിചേർന്ന സി.പി.എം നിലപാട് മാറ്റിയത് അവസരവാദപരമാണെന്ന് സുധീരൻ പറഞ്ഞു. യോഗത്തിൽ സമരസമിതി ചെയർപേഴ്സൺ റഹ്മത്ത് ഹാമീദ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് എം.ലിജു, കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ, എം.വി.രഘു, സമരസമിതി കൺവീനർ പ്രദീപ്, അനിൽ ബി.കളത്തിൽ,എ.കെ.ബേബി, എം.എച്ച്.വിജയൻ, ടി.എ.ഹാമീദ്, എസ്.സുബാഹു, എസ്.പ്രഭുകുമാർ, കെ.എഫ്.തോബിയാസ് തുടങ്ങിയവർ പങ്കെടുത്തു.