fdg

ഹരിപ്പാട് : ഏഴാം ക്ളാസ് വിദ്യാർത്ഥിനി വീട്ടിലെ കിടപ്പുമുറിയിൽ ജീവനൊടുക്കിയ സംഭവത്തിൽ മാതാവിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ മൃതദേഹവുമായെത്തിയ ആംബുലൻസ് തടഞ്ഞു. കാർത്തികപ്പള്ളി മഹാദേവികാട് ചിറ്റൂർ വീട്ടിൽ അശ്വതിയുടെ മകൾ ഹർഷയെയാണ് (13) ഞായറാഴ്ച രാവിലെ വീട്ടിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യ വിവാഹത്തിലെ മകളായ ഹർഷയെ അശ്വതി നിരന്തരം ഉപദ്രവിക്കുമായിരുന്നെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും നാട്ടുകാർ നേരത്തേ ആരോപിച്ചിരുന്നു.

വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്നലെ രാവിലെ 11.30 ഓടെ മൃതദേഹം വീട്ടിലെത്തിക്കുമെന്നാണ് അറിയിച്ചിരുന്നത്. രാവിലെ മുതൽ തന്നെ വീടിനു മുന്നിൽ നാട്ടുകാർ തടിച്ചുകൂടിയിരുന്നു. 11.45 ഓടെ മൃതദേഹവുമായി എത്തിയ ആംബുലൻസ് നാട്ടുകാർ തടഞ്ഞു. മാതാവിനെ അറസ്റ്റ് ചെയ്യണമെന്നും മൃതദേഹം അവരെ കാണിക്കാൻ അനുവദിക്കില്ലെന്നും പറഞ്ഞായിരുന്നു പ്രതിഷേധം. നാട്ടുകാരെ ബലപ്രയോഗത്തിലൂടെ നീക്കം ചെയ്ത ശേഷമാണ് പൊലീസ് മൃതദേഹം വീട്ടിലേക്കെത്തിച്ചത്. പൊലീസ് സംരക്ഷണത്തിൽ 12.30 ഓടെ മൃതദേഹം അടക്കം ചെയ്തു.

ഇതിനു ശേഷം മടങ്ങിയ പൊലീസിന്റെ വാഹനവും പ്രതിഷേധക്കാർ തടഞ്ഞു.

സ്ത്രീകൾ ഉൾപ്പടെ മൂന്നൂറിൽപ്പരം പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. അമ്മ വഴക്കുപറഞ്ഞതിൽ മനംനൊന്താണ് ഹർഷയുടെ ആത്മഹത്യയെന്ന് പൊലീസ് പറയുന്നയെങ്കിലും, മാവേലിക്കര താലൂക്ക് സർവീസ് സഹ. ബാങ്ക് ജീവനക്കാരിയായ അശ്വതി ആദ്യ വിവാഹത്തിലെ മകളായ ഹർഷയെ നിരന്തരം ഉപദ്രവിക്കുമായിരുന്നെന്ന് അയൽവാസികൾ പൊലീസിനോടു പറഞ്ഞു. അന്വേഷണത്തിൽ ആരോപണങ്ങൾ തെളിഞ്ഞാൽ അമ്മയ്ക്കെതിരെ നടപടി ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. ജനകീയ സമിതിയുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിക്കാൻ നാട്ടുകാർ തീരുമാനിച്ചു.