 മങ്കൊമ്പ് സിവിൽ സ്റ്റേഷൻ പാലം മന്ത്രി ജി.സുധാകരൻ നാടിന് സമർപ്പിച്ചു

ആലപ്പുഴ : കുട്ടനാടിന്റെ ചിരകാല സ്വപ്നമായ മങ്കൊമ്പ് സിവിൽ സ്റ്റേഷൻ പാലം മന്ത്രി ജി.സുധാകരൻ നാടിന് സമർപ്പിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ ലളിതമായിരുന്നു ഉദ്ഘാടന ചടങ്ങ്. പൊതുയോഗവും പ്രസംഗവും ഒഴിവാക്കി.

കുട്ടനാട് മണ്ഡലത്തിൽ പുളിങ്കുന്ന് - ചമ്പക്കുളം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് മണിമല നദിക്ക് കുറുകെ നിർമ്മിച്ച പാലം കുട്ടനാടിന്റെ വികസനത്തിലെ നിർണായക ചുവടുവയ്പാണ്.ചടങ്ങിൽ

കൊടിക്കുന്നിൽ സുരേഷ് എം.പി അദ്ധ്യക്ഷത വഹിച്ചു. കളക്ടർ എ.അലക്സാണ്ടർ, ജില്ലാ പഞ്ചായത്ത് അംഗം കെ.കെ.അശോകൻ, ചമ്പക്കുളം ബ്ലോക്ക് പ്രസിഡന്റ് ബിജു പാലത്തിങ്കൽ, മറ്റു വിവിധ തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഉദ്ഘാടനത്തിനുശേഷം മന്ത്രി ജി.സുധാകരനും മറ്റു വിശിഷ്ടാതിഥികളും പാലത്തിലൂടെ സഞ്ചരിച്ചു. തുടർന്ന് കാവാലത്തേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവീസും പാലത്തിലൂടെ നടത്തി. പിണറായി സർക്കാർ ഭരണമേറ്റശേഷം കുട്ടനാട് താലൂക്കിൽ ഉദ്ഘാടനം ചെയ്ത മൂന്നാമത്തെ വലിയ പാലമാണ് മങ്കൊമ്പ് സിവിൽസ്റ്റേഷൻ പാലം.

 കുട്ടനാടിന്റെ സമഗ്ര വികസനത്തിലേക്കുള്ള പാലം

മങ്കൊമ്പ് സിവിൽ സ്റ്റേഷൻ പാലത്തിന് പ്രദേശത്തിന്റെ വികസനത്തിൽ തന്ത്രപ്രധാന പങ്ക് വഹിക്കാനാകും. ടൂറിസം മേഖലയുടെ വളർച്ചയ്ക്കും പാലംവഴിയൊരുക്കും. പുളിങ്കുന്ന് കരയിലുള്ള നിവാസികൾക്ക് വളരെ എളുപ്പത്തിൽ എ.സി റോഡിലേക്ക് പ്രവേശിക്കുവാനും സിവിൽ സ്റ്റേഷൻ, പുളിങ്കുന്ന് പൊലീസ് സ്റ്റേഷൻ, ട്രഷറി, വില്ലേജ് ഓഫീസ് തുടങ്ങിയ സർക്കാർ ഓഫീസുകളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനും പാലം ഉപകരിക്കും.തട്ടാശ്ശേരി പാലം കൂടി നിർമ്മിച്ചാൽ മങ്കൊമ്പ്-പുളിങ്കുന്ന്-കാവാലം -കൈനടി-ഈര-നീലംപേരൂർ വഴി എം.സി.റോഡിലെ കുറിച്ചി ജംഗ്ഷനിൽ എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയും. ഇതിലൂടെ 15 കി.മീ ദൂരം ലാഭിക്കാനാകും.

177.10 മീറ്റർ നീളത്തിലാണ് പാലം നിർമ്മിച്ചിട്ടുള്ളത്. പുളിങ്കുന്ന് കരയിൽ 100 മീറ്റർ നീളത്തിലും മങ്കൊമ്പ് കരയിൽ 136 മീറ്റർ നീളത്തിലും അപ്രോച്ച് റോഡും നിർമ്മിച്ചിട്ടുണ്ട്. 2014ൽ ഭരണാനുമതി ലഭിച്ച പദ്ധതിയാണിത്. മന്ത്രി ജി സുധാകരന്റെ നേതൃത്വത്തിൽ നിർമാണം വേഗത്തിലാക്കുകയും പദ്ധതി പൂർത്തീകരിക്കുകയുമായിരുന്നു.