umbrella

'ഒരുമയ്ക്കൊരു കുട അകലം' പദ്ധതിയുമായി കുടുംബശ്രീ

ആലപ്പുഴ : കൊവിഡിനെ പ്രതിരോധിക്കാൻ, കുട നിവർത്തി സാമൂഹിക അകലം പാലിക്കുന്ന 'തണ്ണീർമുക്കം മാതൃക"യുടെ ചുവടു പിടിച്ച് സംസ്ഥാനത്ത് കുട വിപണി പിടിച്ചെടുക്കാനൊരുങ്ങുകയാണ് കുടംബശ്രീ. 'ഒരുമയ്ക്കൊരു കുട അകലം' എന്നാണ് പദ്ധതിക്ക് പേര്. ആലപ്പുഴയിലെ 15 കുടംബശ്രീ യൂണിറ്റുകളും കഞ്ഞിക്കുഴിയിലെ മാരി യൂണിറ്റും നിർമ്മിച്ച കുടകളാണ് എല്ലാ ജില്ലകളിലും വിതരണത്തിന് എത്തിക്കുന്നത്. വരുന്ന ആഴ്ചകളിൽ വിതരണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരിക്കുന്ന പദ്ധതി വഴി 4,56,000 രൂപയുടെ നേട്ടമാണ് കുടംബശ്രീ കണക്കുകൂട്ടുന്നത്. കുടനിർമ്മാണ യൂണിറ്റുകളിൽ നിന്നും കുടകൾ, സി.ഡി.എസുകൾ വഴി അയൽക്കൂട്ടങ്ങൾക്ക് വിൽപ്പനയ്ക്ക് നൽകും. കുടയുടെ വില പന്ത്രണ്ട് ആഴ്ചകൊണ്ട് അയൽക്കൂട്ടങ്ങളിൽ തിരിച്ചടച്ചാൽ മതിയാകും. കുടകളിലൂടെ സാമൂഹിക അകലം എന്ന കാമ്പയിന്റെ ഭാഗമായി, വിൽപ്പന നടത്തുന്ന ഓരോ കുടയ്ക്കൊപ്പവും ആരോഗ്യവകുപ്പിന്റെ ലഘുലേഖകളും നൽകും. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും കുടകളെത്തിച്ചുകഴിഞ്ഞു. നാല് തരത്തിലുള്ള കുടകൾ വ്യത്യസ്ത ഡിസൈനുകളിലാണ് പുറത്തിറക്കിയിരിക്കുന്നത്.

കുടുംബശ്രീ കുടകൾ

 സ്വകാര്യ കമ്പനികളുടെ കുടകളേക്കാൾ വിലക്കുറവ്

 വിൽണ്ടന സി.ഡി.എസ്,അയൽക്കൂട്ടങ്ങൾ വഴി

 കുടയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക ലക്ഷ്യം

നാലു മോഡലുകൾ

1.ടൂ ഫോൾഡ്

2.ത്രീ ഫോൾ‌ഡ്

3.പുരുഷൻമാർക്ക്

4.കുട്ടികൾക്കുള്ളത്

..................

15

ആലപ്പുഴ ജില്ലയിലെ 15 യൂണിറ്റുകൾ വഴിയാണ് ഉത്പാദനം

''കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ ഭാഗമാകാനുള്ള ലളിതമായ മാർഗമാണ് കുട ഉപയോഗം. സംസ്ഥാനത്ത് തന്നെ ആദ്യ മാതൃക കാട്ടിയത് തണ്ണീർമുക്കം പഞ്ചായത്താണ്. എല്ലാ ജില്ലകളിലേക്കുമുള്ള കുടകൾ ആലപ്പുഴയിലാണ് നിർമിച്ചത്.

- കുടംബശ്രീ അധികൃതർ