കറ്റാനം: ഭരണിക്കാവ് പഞ്ചായത്തിലെ ഇലിപ്പക്കുളത്ത് വീടുകളിൽ എത്തി രോഗികൾക്ക് കാലാവധി കഴിഞ്ഞ മരുന്നുകൾ നൽകിയതിനെതിരെയും ഇതി​ന് ഉത്തരവാദി​കളായവർക്കെതി​രെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ ഭരണിക്കാവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണിക്കാവ് പഞ്ചായത്ത്‌ ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസറെ ഉപരോധിച്ചു. കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണത്തിന് നൽകിയത് ദേശീയ ആരോഗ്യ ദൗത്യം(എൻ. എച്ച്. എം) ആണെന്നും അവരുമായി ബന്ധപ്പെട്ട് സംഭവത്തിന്‌ കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് എൻ എച്ച് എമ്മിനോട് രേഖാമൂലം ആവശ്യപ്പെടാമെന്ന ഉറപ്പിന്മേൽ ഉപരോധ സമരം അവസാനിപ്പിച്ചു. ഡി.സി.സി അംഗം എം. ആർ. മനോജ് കുമാർ, സൽമാൻ പോന്നേറ്റിൽ, വിഷ്ണു ചേക്കോടൻ, ശരത് കുമാർ, ജോബി ജോൺ, ലിജു ജോൺ, അനു സ്റ്റീഫൻ, ലിജിൻ സാജൻ എന്നിവർ പങ്കെടുത്തു.