ambala

 കെ.എം.എം.എല്ലിന്റെ ഉപകരണങ്ങളുമായെത്തിയ വാഹനം സമരക്കാർ തടഞ്ഞു

അമ്പലപ്പുഴ: തോട്ടപ്പള്ളി പൊഴിയുടെ വടക്കുഭാഗത്തായി കാറ്റാടി മരങ്ങൾ വെട്ടിമാറ്റിയ സ്ഥലത്ത് കെ.എം.എൽ.എല്ലിന്റെ സ്പൈറൽ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള ഉപകരണങ്ങളുമായി എത്തിയ വാഹനം നാട്ടുകാർ തടഞ്ഞതിനെത്തുടർന്ന് സംഘർഷാവസ്ഥ. കരിമണൽ ഖനനത്തിനെതിരെ തോട്ടപ്പള്ളിയിൽ റിലേ സമരം നടത്തി വരുന്ന ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് 4 ഓടെയാണ് 200 ഓളം പേർ വാഹനം തടഞ്ഞത്.പിന്നീട് വാഹനം തോട്ടപ്പള്ളി ഹാർബറിന് സമീപത്തേക്കു മാറ്റിയെങ്കിലും നാട്ടുകാർ സംഘടിച്ച് അവിടെ എത്തി. പഞ്ചായത്ത് പ്രസിഡന്റും സമരസമിതി ചെയർപേഴ്സണുമായ റഹ്മത്ത് ഹാമീദ്, കെ.പ്രദീപ് തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി. രാത്രി എട്ടേമുക്കാലോടെ കളക്ടർ സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തിയതിനെത്തുടർന്നാണ് പ്രതിഷേധം അവസാനിച്ചത്. ഉപകരണങ്ങൾ തൊട്ടടുത്തുള്ള കോസ്റ്റൽ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റാൻ ചർച്ചയിൽ തീരുമാനമായി.

ഇതിനിടയിൽ തീരപ്രദേശത്തെ സ്ത്രീകളും, കുട്ടികളുമടങ്ങുന്ന സംഘം സമര സ്ഥലത്ത് അടുപ്പ് കൂട്ടി ആഹാരം പാചകം ചെയ്യുന്നുണ്ടായിരുന്നു. എം.ലിജു, എ.എ.ഷുക്കൂർ, വി.ദിനകരൻ, കെ.പ്രദീപ്, റഹ്മത്ത് ഹാമീദ്, എ.കെ.ബേബി, വി.ശ്രീജിത്ത്, കൊട്ടാരം ഉണ്ണിക്കൃഷ്ണൻ, എസ്.പ്രഭുകുമാർ, സുബാഹു, പി.സാബു തുടങ്ങിയവർ കളക്ടറുമായി നടന്ന ചർച്ചയിൽ പങ്കെടുത്തു.