എടത്വാ : താന്ത്രിക പഠനത്തിനുശേഷം ചക്കുളത്തമ്മയ്ക്ക് പൂജ ചെയ്യാനുള്ള നിയോഗവുമായി ദുർഗാദത്തൻ നമ്പൂതിരിയെത്തിയപ്പോൾ നീരേറ്റുപുറം പട്ടമന ഇല്ലത്തിനിത് സുകൃതനിമിഷം. ചക്കുളത്തുകാവ് കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടേയും രാജി അന്തർജ്ജനത്തിന്റേയും മകനാണ്. ദുർഗ്ഗാദത്തൻ നമ്പൂതിരിയെ താന്ത്രിക വിദ്യകൾ അഭ്യസിപ്പിച്ച് ചക്കുളത്തമ്മയുടെ പൂജകളിൽ അവരോധിക്കുകയെന്നത് മാതാപിതാക്കളുടെ ആഗ്രഹമായിരുന്നു. പാരമ്പര്യ താന്ത്രിക കുടുംബാഗമായ കൊട്ടാരക്കര കീഴ്ത്താമരശ്ശേരി മഠത്തിൽ രമേശ് ഭട്ടതിരിയുടെ മേൽനോട്ടത്തിൽ മൂന്ന് വർഷം കൊണ്ടാണ് താന്ത്രിക കർമ്മങ്ങൾ പഠിച്ചെടുത്തത്. ചുരുങ്ങിയ നാളുകൾക്കുള്ളിൽ താന്ത്രിക കർമ്മങ്ങൾ സ്വായത്തമാക്കിയ ദുർഗ്ഗാദത്തൻ നമ്പൂതിരിയെ രമേശ് നമ്പൂതിരി കൈ പിടിച്ച് ചക്കുളത്തുകാവ് ക്ഷേത്രത്തിന്റെ പടികൾ കയറ്റി. തുടർന്ന് ദുർഗ്ഗാ ദത്തൻ നമ്പൂതിരി ലോക നന്മക്കായി ഉദായാസ്തമന പൂജകൾക്ക് നേതൃത്വം നൽകി. പൂജയുടെ പരിസമാപ്തിയിൽ കലശാഭിഷേകവും കഴിഞ്ഞ് പുറത്തിങ്ങിയപ്പോൾ അടുത്ത തലമുറയെ ഭഗവതിയുടെ സേവകരായി ചുമതയേൽപ്പിച്ച ചാരുതാർത്ഥ്യത്തിലായിരുന്നു മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി ഉപ്പെടെയുള്ള കുടുംബാംഗങ്ങൾ. ദുർഗ്ഗാദത്തൻ നമ്പൂതിരിയുടെ ഏകസഹോദരി ഉണ്ണിമായ.