പൂച്ചാക്കൽ: വീടിന്റെ പരിസരത്തുള്ള തോട്ടിലേക്ക് പീലിംഗ് ഷെഡിൽ നിന്നും മലിനജലം ഒഴുക്കുന്നതിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് അധികാരികൾക്ക് പരാതി നൽകിയിട്ട് പരിഹാരമുണ്ടായില്ലെന്നാരോപിച്ച് റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ പഞ്ചായത്ത് ഓഫീസിലെത്തി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. അരൂക്കുറ്റി അഞ്ചാം വാർഡിൽ സൂര്യ ഭവനിൽ മോഹനനാണ് ആത്മഹത്യാശ്രമം നടത്തിയത്.

കഴിഞ്ഞ 2 നാണ് മോഹനൻ പരാതി നൽകിയത്.പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ച ശേഷം 8 ന് എതിർ കക്ഷിക്ക് നോട്ടീസ് കൊടുത്തു.പഞ്ചായത്ത് നിർദ്ദേശിച്ച കാര്യങ്ങൾ ചെയ്ത ശേഷം, ഏഴു ദിവസത്തിനകം അധികൃതരെ അറിയിക്കണമെന്ന് നോട്ടീസിൽ സൂചിപ്പിച്ചിരുന്നു.അതനുസരിച്ച് ഇന്നലെ വൈകിട്ട് വരെ എതിർകക്ഷിക്ക് സമയം അനുവദിച്ചിരുന്നു. പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും വീഴ്ചയൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതർ വിശദീകരിച്ചു.

മോഹനന് അരൂക്കുറ്റി സർക്കാർ ആശുപത്രിയിൽ ചികിത്സ നൽകി.