ആലപ്പുഴ: തോട്ടപ്പള്ളി പൊഴിമുഖത്തെ കരിമണൽ ഖനനത്തിനെതിരെ ജനകീയ പ്രതിരോധ സമതിയുടെ നേതൃത്വത്തിൽ തോട്ടപ്പള്ളിയിൽ ഇന്ന് മനുഷ്യച്ചങ്ങല നടക്കും.
മന്ത്രി കെ.കൃഷ്ണൻകുട്ടി ഇന്നലെ പൊഴിമുഖം സന്ദർശിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ. എം.ലിജു, കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ, ധീവരസഭ ജനറൽ സെക്രട്ടറി വി.ദിനകരൻ, ബി.ജെ.പി നേതാവ് കൊട്ടാരം ഉണ്ണിക്കൃഷ്ണൻ എന്നിവർ മന്ത്രിയെ നേരിൽ കണ്ട് മണൽ കൊണ്ടു പോകുന്ന തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി. വിവരം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താമെന്ന് നിവേദക സംഘത്തിനോടു മന്ത്രി പറഞ്ഞു. തീരത്തെയും കുട്ടനാടിനെയും ദോഷകരമായി ബാധിക്കുന്ന മണൽ കടത്ത് അനുവദിക്കില്ലെന്നും സമരം കൂടുതൽ ശക്തമാക്കുമെന്നും നേതാക്കൾ മന്ത്രിയോടു പറഞ്ഞു. ഇന്ന് നടക്കുന്ന മനുഷ്യച്ചങ്ങലയിൽ കൊല്ലം, ആലപ്പുഴ ജില്ലയിലെ ധീവരസഭാ പ്രവർത്തകർ കണ്ണികളാകാൻ നിർദേശം നൽകിയതായി ജനറൽ സെക്രട്ടറി വി.ദിനകരൻ അറിയിച്ചു.