photo
തോട്ടാപ്പിള്ളി പൊഴി മന്ത്രി കെ കൃഷ്ണൻകുട്ടി സന്ദർശിക്കുന്നു

 മന്ത്രി കെ. കൃഷ്ണൻകുട്ടി സ്പിൽവേ സന്ദർശിച്ചു

ആലപ്പുുഴ: കുട്ടനാട്ടിൽ വെള്ളപ്പൊക്കഭീഷണി ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് തോട്ടപ്പള്ളി സ്പിൽ വേയ്ക്ക് കിഴക്കോട്ട് വീയപുരം വരെയുള്ള ജല ബഹിർഗമന സൗകര്യം വർദ്ധിപ്പിക്കാൻ ഇപ്പോൾ നടക്കുന്ന ചെളിനീക്കലും ആഴം കൂട്ടൽ നടപടികളും വേഗത്തിലാക്കാൻ മന്ത്രി കെ.കൃഷ്ണൻ കുട്ടിയുടെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗം തീരുമാനിച്ചു. തോട്ടപ്പള്ളിയിലെ നിലവിൽ നടക്കുന്ന പ്രവർത്തനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനുമായും മന്ത്രിമാരുമായും ഉന്നതതല ചർച്ച നടത്തുമെന്നും അതിന് ശേഷം കാര്യങ്ങൾ വിശദമായി പഠിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്നും മന്ത്രി യോഗത്തിൽ വ്യക്തമാക്കി.

കുട്ടനാട്ടിലെ പ്രളയാഘാതം പരമാവധി കുറയ്ക്കുകയാണ് ഉദ്ദേശിക്കുന്നത്. ലീഡിംഗ് ചാനലിന്റെ 11 കിലോമീറ്ററോളം വരുന്ന ഭാഗത്തെ തടസങ്ങൾ നീക്കാൻ നിലവിൽ മൂന്ന് ഡ്രഡ്ജറുകളാണ് പ്രവർത്തിക്കുന്നത്. ഇതിന് പുറമേ മൂന്നു ഡ്രഡ്ജറുകൾ കൂടി നാളെ തോട്ടപ്പള്ളിയിൽ എത്തിക്കും. ഓരേ സമയം ആറ് ഡ്രഡ്ജറുകൾ പ്രവർത്തന ക്ഷമമാകുന്നതോടെ ലീഡിംഗ് ചാനലിലെ ഒഴുക്ക് സുഗമമാകും. നിലവിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും മാർഗ്ഗ നിർദ്ദേശം നൽകാനും ജലവിഭവ വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥനെ പ്രത്യേക ചുമതലകൾ നൽകി രണ്ടു മാസത്തേക്ക് നിയോഗിക്കാനും തീരുമാനമായി.

തോട്ടപ്പള്ളിയിലെ 39 ഷട്ടറുകളും ഉയർത്താവുന്ന സ്ഥിതിയിലാണെന്ന് ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. നിലവിൽ നാല് ഷട്ടറുകൾ താഴെ വരെ എത്താത്ത സാഹചര്യമുണ്ട്. നിലവിലെ അടിയന്തര സാഹചര്യം നേരിടാൻ ഇത് മണൽച്ചാക്ക് വച്ച് അടച്ച് ഒരു കാരണവശാലും ഓരുവെള്ളം കയറാത്ത സാഹചര്യം ഉറപ്പുവരുത്താൻ മന്ത്രി ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി. ഷട്ടറിന്റെ പ്രശ്‌നം പരിഹരിക്കാൻ കരാർ നൽകിയിട്ടുണ്ടെങ്കിലും മഴയിൽ ജോലികൾ തുടരാനാവാത്ത സാഹചര്യത്തിലാണ് തീരുമാനം. ജലവിഭവ വകുപ്പ് സെക്രട്ടറി ബി.അശോക്, കളക്ടർ എ.അലക്‌സാണ്ടർ, ചീഫ് എൻജിനിയർ ഡി.ബിജു, എക്‌സിക്യുട്ടീവ് എൻജിനിയർ അരുൺ കെ.ജേക്കബ്, അസിസ്റ്റൻറ് എക്‌സിക്യുട്ടീവ് എൻജിനിയർ എം.സി.സജീവ് കുമാർ, എ.ഡി.എം ജെ.മോബി, ഡെപ്യൂട്ടി കളക്ടർ ദുരന്ത നിവാരണം ആശ സി.എബ്രഹാം, കെ.എം.എം.എൽ പ്രതിനിധികൾ, ഐ.ആർ.ഇ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

മന്ത്രി കെ.കൃഷ്ണൻകുട്ടി ഇന്നലെ രാവിലെ തോട്ടപ്പള്ളി സ്പിൽ വേ സന്ദർശിച്ചു. ലീഡിംഗ് ചാനലിന്റെ ആഴം കൂട്ടലും ചെളി നീക്കം ചെയ്യുന്ന ജോലികളുടെയും പുരോഗതി മന്ത്രി വിലയിരുത്തി.