amulia

 അമൂല്യ ആപ്പ് പണിപ്പുരയിൽ

ആലപ്പുഴ: നഗരസഭാ പരിധിയിലെ സ്കൂൾ വിദ്യാർത്ഥികളെ ഓൺലൈൻ പഠനത്തിനായി ഒരു കുടക്കീഴിൽ കൊണ്ടുവരാൻ സാധിക്കുന്ന ആപ്പുമായി ആലപ്പുഴ നഗരസഭ രംഗത്ത്. കേരളമാകെ മാതൃകയായ മൈ ടി.വി ചലഞ്ചിനു ശേഷം നഗരസഭ അവതരിപ്പിക്കുന്ന 'അമൂല്യ' (ആലപ്പുഴ മുനിസിപ്പാലിറ്റി ലേണിംഗ് ആൻഡ് ഇന്ററാക്ടീവ് ആപ്പ്) വിദ്യാർത്ഥികൾക്ക് ഏറെ സഹായകരമാവുമെന്നുറപ്പ്.

'നോട്ട് ബുക്സ്' എന്ന ഐ.ടി കമ്പനിയുടെ സഹായത്തോടെയാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. നഗരസഭയിലെ സ്കൂൾ അദ്ധ്യാപകരുടെ ലിസ്റ്റ് തയ്യാറാക്കി, ഇവരിൽ നിന്നു ക്ലാസ് നന്നായി അവതരിപ്പിക്കാൻ കഴിവുള്ളവരെ തിരഞ്ഞെടുക്കുന്ന നടപടികൾക്ക് തുടക്കമായിട്ടുണ്ട്. നഗരസഭയുടെ നേതൃത്വത്തിൽ നടക്കുന്ന തത്സമയ ക്ലാസുകളിലൂടെ അദ്ധ്യാപകർക്കും വിദ്യാ‌ർത്ഥികൾക്കും തമ്മിൽ കണ്ട് ആശയവിനിമയം സാദ്ധ്യമാക്കാം. അദ്ധ്യാപകർ നൽകുന്ന അസൈൻമെന്റുകൾ കുട്ടികൾക്ക് ഇതേ ആപ്പിലൂടെ തന്നെ സമർപ്പിക്കാനും സാധിക്കും. സ്കൂൾ ഐ.ഡിയും പാസ് വേഡും ഉപയോഗിച്ചാണ് ആപ്പിൽ പ്രവേശനം. നിലവിൽ ജോലിയില്ലാതിരിക്കുന്ന തദ്ദേശിയരായ അദ്ധ്യാപകർക്കുള്ള മികച്ച അവസരം കൂടിയാവും അമൂല്യ നോട്ട്ബുക്ക്സ് ആപ്പ്. ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികൾക്കായി നഗരസഭ നടത്തിയ 'മൈ ടി വി ചലഞ്ച്' ഏറെ ശ്രദ്ധേയമായിരുന്നു.

...................................

ടി.വിയിൽ കാണുന്ന ക്ലാസിൽ കുട്ടികൾക്ക് അപ്പോൾ തന്നെ സംശയങ്ങൾ ചോദിക്കാനുള്ള അവസരമില്ല. ഇവിടെയാണ് അമൂല്യ ആപ്പിന്റെ സവിശേഷത. നഗരസഭാപരിധിയിലെ ഏത് സ്കൂൾ വിദ്യാർത്ഥിക്കും ഒരേ സമയം ക്ലാസിൽ പങ്കെടുക്കാനും സംവദിക്കാനും അവസരം ലഭിക്കും

(അഡ്വ. ജി. മനോജ്കുമാർ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, ആലപ്പുഴ നഗരസഭ)

......................................

കൊറോണക്കാലത്ത് മാത്രമല്ല വെള്ളപ്പൊക്കമോ, മറ്റ് പ്രകൃതി ദുരന്തങ്ങളോ വരുമ്പോൾ കുട്ടികൾക്ക് അദ്ധ്യയനം നഷ്ടമാകുന്ന സാഹചര്യം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആപ്പ് തയാറാക്കിയത്. മാസം പതിനായിരങ്ങൾ നൽകി സബ്സ്ക്രൈബ് ചെയ്യുന്ന വിദ്യാഭ്യാസ ആപ്പുകൾ നൽകുന്ന അതേ അന്താരാഷ്ട്ര നിലവാരത്തിൽ ക്ലാസുകൾ കുട്ടികളിലെത്തിക്കാൻ സാധിക്കും

( സുജേഷ് സുഗുണൻ, ആപ്പ് ഡിസൈനർ, നോട്ട് ബുക്ക്സ്)