ഹരിപ്പാട്: കാർത്തികപ്പള്ളി തോടിന്റെ നിലവിലുള്ള നീരൊരുക്ക് പുന:സ്ഥാപിച്ച് ജലപാത സുഗമമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് കാർത്തികപ്പള്ളി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി നിയമ നടപടി ആരംഭിച്ചു. അഡ്വ.കെ.സന്തോഷ്‌കുമാരൻ തമ്പിയുടെ ഹർജി പ്രകാരം താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി കഴിഞ്ഞ ദിവസം പഞ്ചായത്ത് മുൻസിപ്പൽ സെക്രട്ടറിമാർ,മൈനർ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ തുടങ്ങിയവരെ ഉൾപ്പെടുത്തി സ്പെഷ്യൽ സിറ്റിംഗ് നടത്തിയിരുന്നു.
കാർത്തികപ്പള്ളി തോട്
ചെറുനത ഗ്രാമ പഞ്ചായത്തിലെ കൊപ്പാറക്കടവ് ഭാഗത്തെ അച്ചൻകോവിലാറ്റിൽ നിന്ന് ആരംഭിച്ച് ചെറുതന, കരുവാറ്റ, കുമാരപുരം, കാർത്തികപ്പള്ളി, ചിങ്ങോലി എന്നീ ഗ്രാമപഞ്ചായത്തുകളിലൂടെയും ഹരിപ്പാട് മുൻസിപ്പാലിറ്റിയിലൂടെയും കടന്ന് കായംകുളം കായലിൽ അവസാനിക്കുന്ന ഏകദേശം 10 കിലോമീറ്ററോളം നീളമുള്ളതാണ് കാർത്തികപ്പള്ളി തോട്.
..............................
10
ഏകദേശം 10 കിലോമീറ്ററോളം നീളമുള്ളതാണ് കാർത്തികപ്പള്ളി തോട്
.................................
18
നീരൊഴുക്ക് സുഗമമാക്കാൻ
18 ലക്ഷം
കൊപ്പാറകടവ് മുതൽ ഡാണാപ്പടി വരെയുള്ള 4 കിലോമീറ്റർ ഭാഗത്തെ തോട്ടിലെ മാലിന്യങ്ങളും നീരൊഴുക്കിന് തടസമുള്ള വൃക്ഷശിഖരങ്ങളും മറ്റും നീക്കം ചെയ്യുന്നതിനുള്ള 18 ലക്ഷം രൂപയുടെ വർക്ക് മൈനർ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിൽ നിന്നും നടന്നുവരുന്നു.
2.5
മാലിന്യ നീക്കത്തിന് 2.5 ലക്ഷം
തുടർന്ന് കാർത്തികപ്പള്ളി പാലംവരെയുള്ള 2 കിലോമീറ്റർ ഭാഗത്തെ മാലിന്യങ്ങളും തടസങ്ങളും നീക്കം ചെയ്യുന്നതിന് 2.5 ലക്ഷം രൂപയുടെ കരാർ നടപടികൾ പൂർത്തീകരിച്ച് വരുന്നു.
നീരൊഴുക്കില്ല; പരിതാപകരം
കായംകുളം കായലിൽ തോട് അവസാനിക്കുന്ന ഭാഗം വരെയുള്ള സ്ഥലത്തെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നടപടികളും മൈനർ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിൽ നിന്നും ഉടൻ ആരംഭിക്കും. നിരവധി തവണ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് ശുചീകരണ പ്രവർത്തനങ്ങൾ കാർത്തികപ്പള്ളി തോട്ടിൽ നടത്തിയിരുന്നുയെങ്കിലും തുടർ നടപടികൾ ഇല്ലാത്തതിനാലും മാലിന്യങ്ങൾ നിക്ഷേപിക്കുന്നതുകൊണ്ടും നീരൊഴുക്ക് തടസപ്പെട്ട് നിലവിൽ പരിതാപകരമായ അവസ്ഥയിലാണ്.
വരേണ്ടത് പൊതുവായ പദ്ധതി
റവന്യു വകുപ്പിന്റെ സഹായത്തോടെ തോട്ടിലെ കൈയ്യേറ്റങ്ങൾ ഒഴിവാക്കുക, ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി ഇല്ലാതെയും അനധികൃതമായി നിർമ്മിച്ചിരിക്കുന്ന പാലങ്ങൾ ഒഴിവാക്കുക, തോട്ടിലെ ജലപാത പുനസ്ഥാപിക്കുന്നതിന് തടസമായി വളർന്ന് നിൽക്കുന്ന വൃക്ഷങ്ങൾ മുറിച്ച് മാറ്റുക, ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതിയിലും മറ്റും ഉൾപ്പെടുത്തി ബ്ലോക്ക് പഞ്ചായത്തുകളുടെയും മൈനർ ഇറിഗേഷൻ വകുപ്പിന്റെയും സഹായത്തോടെ തോടിന്റെ കരകൾ വൃത്തിയാക്കി സൂക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെയുള്ള പൊതുപ്രോജക്ടിനെപ്പറ്റിയുള്ള ചർച്ചകളും നടക്കുന്നു.
ലീഗൽ സർവീസ് കമ്മറ്റി ചെയർമാൻ സന്ദർശിച്ചു
തോട് ശുചീകരണവുമായി ബന്ധപ്പെട്ട നിലവിൽ നടന്ന് വരുന്ന പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുന്നതിന് താലൂക്ക് ലീഗൽ സർവ്വീസ് കമ്മിറ്റിയുടെ ചെയർമാനും ഹരിപ്പാട് മുൻസിഫ് മജിസ്ട്രേറ്റുമായ ഡി. ശ്രീകുമാർ, ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ജി.പ്രവീൺകുമാർ, അഡ്വ.വി ഷുക്കൂർ, അഡ്വ.സന്തോഷ്‌കുമാരൻ തമ്പി, കരുവാറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സുജാത എന്നിവരുടെ നേതൃത്വത്തിൽ ചെറുതന കൊപ്പാറകടവ് മുതൽ മണച്ചിറ പാലംവരെയുള്ള ഭാഗം വള്ളത്തിൽ സഞ്ചരിച്ച് നേരിട്ട് സ്ഥിതി മനസിലാക്കി. അദാലത്ത് സെക്രട്ടറി ദീപ്തി മാത്യു, മൈനർ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിലെ അസി.എക്സിക്യൂട്ടിവ് എൻജിനിയർമാരായ ഷൈമ എസ്, അഞ്ജു ജി, ജിജിമോൻ പി.എം, ഓവർസിയർ രാജശേഖരൻ, ചെറുതന ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജേക്കബ് സി. ജോസഫ്, കരുവാറ്റ ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥൻ സേതു, ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്ന കരാറുകാരൻ ഷാജഹാൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.