വിലക്കയറ്റത്തിൽ വലഞ്ഞ് ജനം
ആലപ്പുഴ: ഷോക്കടിപ്പിച്ച വൈദ്യുതി ബില്ലിന് പുറമേ, കത്തിക്കയറുന്ന ഇന്ധനവില കൂടിയായതോടെ നട്ടം തിരിയുകയാണ് ജനം. ട്രോളിംഗ് ആരംഭിച്ചതോടെ മീൻ വിലയിലും ഏറ്റമുണ്ടായി. ഇറച്ചിവിലയിൽ ജില്ലാ ഭണകൂടം ഇടപെട്ടിട്ടും കാര്യമായ കുറവ് പ്രകടമല്ല. സകല വഴിയിലൂടെയും പ്രഹരമേറ്റതോടെ ദിവസങ്ങൾ തള്ളിനീക്കാൻ മുന്നോട്ട് കൊണ്ടുപോകാൻ പെടാപ്പാടിലാണ് സാധാരണക്കാർ.
എടുത്തുപറയത്തക്ക കുറവ് വന്നിരിക്കുന്നത് പാചകവാതക വിലയിൽ മാത്രമാണ്. ലോക്ക് ഡൗണിന്റെ തുടക്കത്തിൽ 62 രൂപയുടെ കുറവാണ് ഗ്യാസ് വിലയിൽ വന്നത്. ഇപ്പോൾ വീണ്ടും കുറഞ്ഞ് 597.50 രൂപയിലെത്തി. പെട്രോളിനും ഡീസലിനും പ്രതിദിനം 54, 48 പൈസ നിരക്കിലാണ് വർദ്ധന. പത്തുദിവസത്തിനിടെ അഞ്ചു രൂപയോളം കൂടി. ചരക്കുനീക്കത്തെ ഉൾപ്പെടെ വില വർദ്ധന ബാധിക്കുമെന്നതിനാൽ വല്ലാതെ വലയുകയാണ് എല്ലാ മേഖലകളും.
ഇതിനിടെ സ്മാർട് ഫോണുകൾക്കു വേണ്ടിയുള്ള രക്ഷിതാക്കളുടെ ഓട്ടം കൂടിയായതോടെ കുടുംബ ബഡ്ജറ്റുകൾ താളംതെറ്റിയിരിക്കുകയാണ്. നിർദ്ധന വിദ്യാർത്ഥികൾക്ക് സൗകര്യമൊരുക്കാൻ പലരുമെത്തുമ്പോഴും ഇടത്തരക്കാരാണ് വലയുന്നത്. അവസരം മുതലാക്കി വിലകൂടിയ ഫോണുകളും കമ്പ്യൂട്ടറുകളും മാത്രമാണ് പല കടകളിലും ലഭ്യമാകുന്നത്.
.................................
നൂറ് രൂപയ്ക്ക് എണ്ണയടിച്ചാൽ കണ്ണടച്ച് തുറക്കും മുമ്പ് തീരും. ഓട്ടമില്ലാത്ത സാഹചര്യത്തിൽ ഉയരുന്ന ഇന്ധനവിലയിൽ പിടിച്ചുനിൽക്കാനാവുന്നില്ല
(ബെന്നി, ആട്ടോറിക്ഷാ ഡ്രൈവർ)
.....................................
പെട്രോൾ: 77.22 (ലിറ്ററിന്)
ഡീസൽ: 71.50 (ലിറ്ററിന്)
പത്ത് ദിവസത്തിനുള്ളിൽ 5 രൂപയുടെ വർദ്ധന
................
പാചകവാതകം
ഗാർഹികം: 597.50
വാണിജ്യം: 1100
..............
കോഴിയിറച്ചി - 245 (കിലോ)
പോത്തിറച്ചി - 340
......................
ഷോക്കിന്റെ വഴി (യൂണിറ്റിന്)
ആദ്യ 50 യൂണിറ്റിന് 3.15 രൂപ വീതം
51 മുതൽ 100 യൂണിറ്റ്: 3.70 രൂപ
250 യൂണിറ്റിന് മുകളിൽ: 5.80 രൂപ
..................