ആലപ്പുഴ: കൊവിഡിന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യ സുരക്ഷ ലക്ഷ്യമാക്കി നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതിക്ക് ചുനക്കരയിൽ തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്താ ഗോപാലകൃഷ്ണൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ചുനക്കര ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
സുഭിക്ഷ കേരളത്തിന്റെ ഭാഗമായി കൃഷി വകുപ്പ് നടപ്പാക്കുന്ന കൃഷി മുറ്റം പദ്ധതിയുടെ ഭാഗമായി ഒരു കുടുബത്തിന് 15 ഗ്രോബാഗ്, എല്ലുപൊടി, വേപ്പിൻ വളം, ചകിരിച്ചോറ്, ജൈവ കീടനാശിനി, ഏഴ് ഇനം പച്ചക്കറി വിത്തുകൾ എന്നിവ കർഷകർക്ക് നൽകി. കിറ്റിന് 500 രൂപ വില ഈടാക്കിയാണ് കിറ്റുകൾ നൽകിയത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് പുലരി അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ സബീന റഹീം, എസ്.ശോഭ കുമാരി, കൃഷി ഓഫീസർ വി.എസ്.സരിത, ആർ. പത്മാധരൻ നായർ, ശശിധരൻ പിള്ള, പങ്കജാക്ഷൻ, ടി പി. ഷാജി എന്നിവർ പങ്കെടുത്തു.