ചാരുംമൂട് : പാലമേൽ ഗ്രാമ പഞ്ചായത്തിലെ കാവുംപാട് വാർഡിൽ ഹരിജൻ കോളനിക്കു വേണ്ടി സ്ഥാപിച്ച മണ്ണാറവിള കുടിവെള്ള പദ്ധതിയിലെ അഴിമതി വിജിലൻസ് അന്വഷിക്കണമെന്നാവശ്യപ്പെട്ട് പമ്പ് ഹൗസിൽ ബി.ജെ.പി പ്രവർത്തകർ റീത്ത് വച്ച് പ്രതിഷേധിച്ചു.
പട്ടികജാതി വികസന ഫണ്ടിൽ നിന്നു 8.7 ലക്ഷം രൂപ ചെലവഴിച്ച് 2019 ൽ കമ്മിഷൻ ചെയ്ത പദ്ധതിയിൽ നിന്നു ഏതാനം ദിവസം മാത്രമാണ് കോളനിയിലേക്ക് കുടിവെള്ളം എത്തിയത്. കഴിഞ്ഞ നാല് മാസമായി പദ്ധതി ഉപയോഗരഹിതമാണ്. പതിനൊന്നു പട്ടികജാതി കുടുംബമുൾപ്പെടെ 31വീട്ടുകാർക്കു വേണ്ടിയാണ് പദ്ധതി നടപ്പിലാക്കിയത്. 8.7 ലക്ഷം രൂപയുടെ പദ്ധതിക്ക് രണ്ടു ലക്ഷം രൂപ പോലും മുടക്കിയിട്ടില്ലെന്നും സമരക്കാർ ആരോപിച്ചു. സമരം നിയോജക മണ്ഡലം സെക്രട്ടറി അനിൽ പുന്നയ്ക്കകുളങ്ങര ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം അഡ്വ.എം എസ്.ഉണ്ണിത്താൻ, ന്യൂനപക്ഷ മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് നവാസ് ആദിക്കാട്ടുകുളങ്ങര, ബി.ജെ.പി വാർഡ് പ്രസിഡന്റ് ബാബു മണ്ണാറ, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ രാജീവ് മോനി,അജിത്ശ്രീപാദം,സി.ജെ അനിൽ,പുരുഷോത്തമൻ ഉണ്ണിത്താൻ, ബിജു, സുരേഷ് തുടങ്ങിയവർ സംസാരിച്ചു.