ഹരിപ്പാട്: കാർത്തികപ്പള്ളിയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കാർത്തികപ്പള്ളി മഹാദേവികാട് ചിറ്റൂർ വീട്ടിൽ അശ്വതിയുടെ മകൾ ഹർഷയെ (13) ആണ് ഞായറാഴ്ച രാവിലെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടത്.

കുട്ടിയുടെ ആത്മഹത്യയ്ക്ക് കാരണം മാതാവിന്റെ നിരന്തര ഉപദ്രവമാണെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു. തൃക്കുന്നപ്പുഴ സി.ഐ ആർ.ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഹർഷ പഠിച്ച നങ്ങ്യാർകുളങ്ങരയിലെ സ്വകാര്യ സ്കൂളിലെ അദ്ധ്യാപകരുടെയും ട്യൂഷൻ പഠിപ്പിക്കുന്ന അദ്ധ്യാപകരുടെയും മൊഴിയെടുത്തു. ഹർഷയുടെ അടുത്ത സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തും. നാട്ടുകാരുടെയും അയൽക്കാരുടെയും ഉൾപ്പെടെ ഏഴു പേരുടെ മൊഴി രേഖപ്പെടുത്തിയതായി സി.ഐ ആർ.ജോസ് അറിയിച്ചു. കഴിഞ്ഞ ദിവസം ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പാലിക്കാതെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുകയും ആംബുലൻസ് തടയുകയും ചെയ്ത സംഭവത്തിൽ കണ്ടാൽ അറിയാവുന്ന പതിനഞ്ചോളം പേർക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്നും തൃക്കുന്നപ്പുഴ പൊലീസ് അറിയിച്ചു.