അമ്പലപ്പുഴ: ഷാനിമോൾ ഉസ്മാൻ എം.എൽ.എ അരൂർ മണ്ഡലത്തിലെ കാര്യങ്ങൾ നോക്കിയാൽ മതിയെന്നും അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ കാര്യങ്ങൾ നോക്കാൻ കഴിയുന്ന ആളെയാണ് ജനങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നതെന്നും സി.പി.എം അമ്പലപ്പുഴ ഏരിയ സെക്രട്ടറി എ. ഓമനക്കുട്ടൻ പ്രസ്താവനയിൽ പറഞ്ഞു.
പുറക്കാടിനെ ഇല്ലാതാക്കും വിധമുള്ള തീരുമാനമെടുത്തത് കഴിഞ്ഞ യു.ഡി.എഫ് ഭരണമാണ്. ഇവിടെ കരിമണൽ ഘനനത്തിന് അനുമതി നൽകിയത് ഉമ്മൻ ചാണ്ടി സർക്കാരാണ്. വസ്തുത ഇതായിരിക്കെ ജനങ്ങളുടെ കണ്ണിൽ പൊടി വാരിയെറിഞ്ഞ് യു.ഡി.എഫ് നേതൃത്വത്തിനും ഷാനിമോൾ ഉസ്മാനും അധികകാലം മുന്നോട്ടു പോകാൻ കഴിയില്ല. വികസന പ്രവർത്തനങ്ങളുമായി സഞ്ചരിക്കുന്ന ജി. സുധാകരനെതിരെ സത്യത്തിന്റെ കണികപോലമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കാൻ ഷാനിമോൾ ഉസ്മാന് മാത്രമേ കഴിയൂ. അരൂർ നിയോജക മണ്ഡലത്തിലെ വികസന പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ പ്രസ്താവനകൾ നടത്താനാണ് ഷാനിമോളുടെ ശ്രമം. പ്രസ്താവന പിൻവലിച്ച് അമ്പലപ്പുഴയിലെ ജനങ്ങളോട് മാപ്പു പറയാൻ ഷാനിമോൾ ഉസ്മാൻ തയ്യാറാകണമെന്നും ഓമനക്കുട്ടൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.