തുറവൂർ: കൊവിഡ് പ്രതിരോധത്തിനായി തുറവൂർ താലൂക്ക് ആശുപത്രിയിൽ അണുവിമുക്ത കവാടമൊരുക്കിയ ടീം പ്രഹ്ലാദയുടെ ബ്രേക്ക് ദി ചെയിൻ ശ്രദ്ധേയമാകുന്നു.
രോഗികൾക്കും ഡോക്ടർമാർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കും ഉപകരിക്കുന്ന വിധത്തിൽ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ്, ആട്ടോമാറ്റിക് ആയി അണുവിമുക്തമാക്കുന്ന ടണൽ നിർമ്മിച്ചത്. ടണലിൽ പ്രവേശിച്ചാൽ ഉടൻ സെൻസർ സഹായത്തോടെ പ്രത്യേക ലായനി ഉപയോഗിച്ചു മുഴുവൻ ശരീരവും വസ്ത്രവും അണുവിമുക്തമാകും. യുവ ഗവേഷകനായ വളമംഗലം സ്വദേശി വിനായക് ആർ.നായരാണ് നൂതന സംവിധാനത്തിന്റെ ശില്പി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായ സേവനങ്ങൾ നടത്തിവരുന്ന പ്രഹ്ലാദ സോഷ്യൽ സർവീസ് ട്രസ്റ്റിന്റെ അതിജീവനം പദ്ധതിയുടെ ഭാഗമായാണ് ടണൽ സ്ഥാപിച്ചത്. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ആർ. റൂബി പങ്കെടുത്തു.