ചേർത്തല: വേമ്പനാട്ട് കായലിൽ കൊഞ്ച്,കരിമീൻ,കാളാഞ്ചി തുടങ്ങിയവ മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കുന്ന സമയത്ത് കെട്ടിവലി, അടക്കംകൊല്ലി വലകൾ ഉപയോഗിച്ചുള്ള നിരോധിച്ച മത്സ്യബന്ധനരീതികൾ വ്യാപകമാകുന്നു.
വേമ്പനാട്ട് കായൽ തീരങ്ങളായ മുഹമ്മ,പുത്തനങ്ങാടി,കുമരകം എന്നിവിടങ്ങളിലാണ് ഇത് തകൃതിയായി നടക്കുന്നത്. തണ്ണീർമുക്കം ബണ്ട് തുറന്ന് ഓരു ജലത്തിൽ പോള പായൽ മറ്റ് ജലസസ്യങ്ങൾ എന്നിവ അഴുകി നശിച്ച ശേഷം പുതുമഴയിൽ മത്സ്യങ്ങളുടെ പ്രജനനത്തിന് സഹായകമായ അരള പോലുള്ള സസ്യങ്ങൾ വളരുന്നത് ജൂലായ്, ആഗസ്റ്റ് മാസങ്ങളിലാണ്. അരള കൂട്ടമായി വളരുന്നിടത്താണ് മത്സ്യങ്ങൾ മുട്ടയിടാനെത്തുന്നത്. അടക്കം കൊല്ലി വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുമ്പോൾ അടിത്തട്ടിലെ എല്ലാ സസ്യങ്ങളെയും വേരടക്കം പിഴുത് നശിപ്പിക്കുന്നു. ഇത് മത്സ്യങ്ങളെയും മത്സ്യ കുഞ്ഞുങ്ങളെയും മുട്ടകളെയും നശിപ്പിക്കുന്നു. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്ന് മത്സ്യത്തൊഴിലാളികൾ പരാതിപ്പെടുന്നു.