 ഹോട്ടൽ മേഖലയിൽ പ്രതിസന്ധി

ആലപ്പുഴ: കൊവിഡിന്റെ പിന്നാമ്പുറത്തുകൂടി ഇളവുകളെത്തിയിട്ടും ആളെത്താത്തതിനാൽ ഹോട്ടൽ വ്യവസായം നേരിടുന്ന പ്രതിസന്ധികളിൽ അയവില്ല. സർക്കാർ നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാൻ സാധിക്കുന്ന 50 ശതമാനം ഹോട്ടലുകൾ മാത്രമേ, ഉപഭോക്താക്കൾക്ക് കടയിലിരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒരുക്കുന്നുള്ളു. ഇനിയും തുറക്കാത്ത ഹോട്ടലുകളും ജില്ലയിലുണ്ട്.

വരുമാനം കുറഞ്ഞെങ്കിലും വർഷങ്ങളായി ജോലി ചെയ്യുന്ന തൊഴിലാളികളെ പലരും കൈവിടുന്നില്ല. ഒന്നിടവിട്ടെങ്കിലും ഭൂരിഭാഗം പേർക്കും ജോലി ഉറപ്പുവരുത്തുന്നുണ്ട്. സീറ്റുകളുടെ എണ്ണം പകുതിയായി ചുരുക്കിയിട്ടുണ്ട്. എന്നിട്ടും ആളുകൾ മടിക്കുകയാണെന്ന് വ്യാപാരികൾ പറയുന്നു. ടൂറിസം വ്യവസായത്തിന് ഉണർവ് ലഭിക്കാത്തതും ഉപഭോക്താക്കളുടെ എണ്ണം കുറയാൻ കാരണമാകുന്നു.

ഓൺലൈൻ ഭക്ഷണ വിതരണം കൂടി നടത്തുന്ന കടകൾക്ക് മാത്രമാണ് കച്ചവടം ലഭിക്കുന്നത്. അവിടെയും വെജിറ്റേറിയൻ ഹോട്ടലുകൾ പൂർണമായും തഴയപ്പെടുന്നു. മാംസ വിഭവങ്ങൾ തേടിയാണ് 99 ശതമാനം ഓൺലൈൻ ഓർഡറുകളുമെത്തുന്നത്. വീടുകളിൽ തയ്യാറാക്കാൻ പ്രയാസമുള്ള പൊറോട്ടയ്ക്കാണ് ഏറ്റവുമധികം ആവശ്യക്കാരുള്ളത്. തൊട്ടു താഴെ, അറേബ്യൻ വിഭവങ്ങൾക്കാണ് ഡിമാൻഡ്. ബിരിയാണി, കുഴിമന്തി തുടങ്ങിയ വിഭവങ്ങൾക്കും ഓൺലൈൻ ഓർഡർ ലഭിക്കുന്നുണ്ട്.

നഗരങ്ങൾ കേന്ദ്രീകരിച്ചാണ് ഓൺലൈൻ കച്ചവടം പുരോഗമിക്കുന്നക്കത്. സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഓൺലൈൻ സംവിധാനങ്ങളില്ലാത്ത ഭാഗങ്ങളിൽ വ്യാപാരികൾ തന്നെ ഡെവിലറി ജീവനക്കാരെയും നിയമിക്കേണ്ടിവരുമെന്നതാണ് പ്രതിസന്ധി. ഉപഭോക്താക്കൾക്ക് ഓൺലൈനിൽ വിഭവങ്ങൾക്കൊപ്പം കടകളും തിരഞ്ഞെടുക്കാനാവുമെന്നതിനാൽ വ്യത്യസ്ത വിഭവങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് പല ഹോട്ടലുകളും.

........................

 വെജിറ്റേറിയൻ ഹോട്ടലുകൾക്ക് ഓൺലൈൻ ഡിമാൻഡില്ല

 ആവശ്യക്കാർ കൂടുതലും പൊറോട്ടയ്ക്ക്

....................

 ഓൺലൈൻ

ആലപ്പുഴ, ചേർത്തല, ഹരിപ്പാട്, കായംകുളം നഗരപ്രദേശങ്ങളിൽ മാത്രം

......................

രോഗഭീതിയുള്ളതിനാൽ കുടുംബങ്ങളൊന്നും തന്നെ എത്തുന്നില്ല. പല ഹോട്ടലുകളും പൂട്ടിക്കിടക്കുകയാണ്. ഓൺലൈൻ മേഖലയിൽ മാത്രമാണ് അല്പം ആശ്വാസമുള്ളത്

(നാസർ താജ്, ജില്ലാ പ്രസിഡന്റ്, ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ)