s

ആലപ്പുഴ: മുതലമട വെള്ളാരം കടവിൽ ഓല ഷെഡിൽ താമസിക്കുന്ന വൃദ്ധദമ്പതികൾക്ക് ഒരു മാസത്തിനകം റേഷൻ കാർഡ് അനുവദിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സിവിൽ സപ്ലൈസ് ഡയറക്ടർക്ക് നിർദ്ദേശം നൽകി.

പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ അംഗം വി.കെ.ബീനാകുമാരി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. സിവിൽ സപ്ലൈസ് ഡയറക്ടർ കമ്മിഷനിൽ റിപ്പോർട്ട് സമർപ്പിച്ചു. വൃദ്ധദമ്പതികളായ വെളുപ്പൻ, പാപ്പാൾ എന്നിവരെ സർക്കാർ ഏറ്റെടുത്ത് എരുത്തേമ്പതി ആർ.വി പുത്തൂരിലെ ഗുരുപ്രസാദം വൃദ്ധസദനത്തിലേക്ക് മാറ്റിയതായി ഡയറക്ടർ കമ്മിഷനെ അറിയിച്ചു. ആധാർ കാർഡ് ഇല്ലാത്തതു കാരണമാണ് ഇവർക്ക് റേഷൻ കാർഡ് ലഭിക്കാത്തത്. സിവിൽ സപ്ലൈസ് ഡയറക്ടറേറ്റിലെ ഐ.ടി സെല്ലിൽ നിന്നുള്ളവർക്ക് റേഷൻ കാർഡ് അനുവദിക്കുന്നതിനായി തുടർ നടപടികൾ സ്വീകരിക്കാൻ താലൂക്ക് സപ്ലൈ ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുള്ളതായി ഡയറക്ടർ അറിയിച്ചു. വൃദ്ധ ദമ്പതികളുടെ ഫോട്ടോയും അപേക്ഷയും വാങ്ങി ഐ.ടി സെല്ലിൽ സമർപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ഒരു മാസത്തിനകം റേഷൻകാർഡ് നൽകിയ ശേഷംവിവരം മനുഷ്യാവകാശ കമ്മീഷനെ അറിയിക്കണമെന്നും ഡയറക്ടർക്ക് കമ്മിഷൻ നിർദേശം നൽകി.