അമ്പലപ്പുഴ:തോട്ടപ്പള്ളിയിൽ പൊഴി മുറിക്കലിന്റെ മറവിൽ നടക്കുന്നത് കരിമണൽ ഖനന മാണെന്നാരോപിച്ച് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന സമരം രണ്ടാം ഘട്ടത്തിലേക്കു കടന്നു.ഇതിന്റെ ഭാഗമായി ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ സമരത്തിന്റെ രണ്ടാം ഘട്ടമായ ഇന്നലെ മനുഷ്യച്ചങ്ങല തീർത്തു.രാവിലെ 11 ന് സമരപ്പന്തൽ മുതൽ തോട്ടപ്പള്ളി സ്പിൽവേ പൊഴിമുഖം വടക്കുഭാഗം വരെയുള്ള ഖനന മേഖല വളഞ്ഞ് സൃഷ്ടിച്ച മനുഷ്യചങ്ങലയിൽ ആയിരങ്ങൾ അണിനിരന്നു .ടി .എൻ .പ്രതാപൻ എം.പി.ഉദ്ഘാടനം ചെയ്തു. ധീവര സഭ സംസ്ഥാന ജനറൽ സെക്രട്ടറി വി.ദിനകരൻ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. എം.മുരളി, ഷാനിമോൾ ഉസ്മാൻ , എം.ലിജു, നെടുമുടി ഹരികുമാർ ,എസ്.പ്രഭുകുമാർ, സുബാഹു, പി.സാബു, റഹ്മത്ത് ഹാമീദ്, എ.ആർ.കണ്ണൻ, തുടങ്ങിയവർ നേതൃത്വം നൽകി. തോട്ടപ്പള്ളി - തൃക്കുന്നപ്പുഴ റോഡിൽ അരമണിക്കൂറോളം പ്രവർത്തകർ കുത്തിയിരുന്നു. സമരക്കാർ പിരിഞ്ഞു പോയതിനു ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.