പൂച്ചാക്കൽ: ലോക്ക്ഡൗണിൽ ഇളവുകൾ ലഭിച്ചെങ്കിലും ക്ഷേത്രങ്ങളിലെ വരുമാനം നിലച്ചിരിക്കുന്നതു കൊണ്ട് വലിയ പ്രതിസന്ധിയാണ് ദേവസ്വം ഭരണസമിതികൾ. ക്രിസ്ത്യൻ, മുസ്ലിം ആരാധനാലയങ്ങളുടേയും സ്ഥിതി വ്യത്യസ്ഥമല്ല.
ദേവാലയങ്ങളിൽ നിയന്ത്രണം ഉള്ളതുകൊണ്ട് ഭക്തർ എത്തുന്നില്ല. മൂന്നര മാസത്തോളം അകലം പാലിച്ചു നിന്നവർ, ഇപ്പോൾ ആരാധനയോട് ആഭിമുഖ്യം കാണിക്കാത്തത് ഭരണസമിതിയെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ പെട്ടെന്നൊരു മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷയുമില്ല. ദേവസ്വം ബോർഡ് ക്ഷേത്രങ്ങൾ കൂടാതെ ഹൈന്ദവ കൂട്ടായ്മയിലുള്ള ദേവസ്വം ട്രസ്റ്റ്, സമുദായ സംഘടനകളുടെ കീഴിലുള്ള ക്ഷേത്രങ്ങൾ, കുടുംബ ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലൊക്കെ സാമ്പത്തിക ഞെരുക്കം അനുഭവപ്പെട്ടു തുടങ്ങി. ഒ
താന്ത്രിക നിർദ്ദേശമനുസരിച്ചുള്ള നേദ്യങ്ങളും പടിത്തരങ്ങളും ശീവേലികളുമുള്ള ക്ഷേത്രങ്ങളിലാണ് കൂടുതൽ ചെലവ്. തളിയാപറമ്പ് ഭഗവതി ക്ഷേത്രം, ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം, പള്ളിപ്പുറം തിരുഐരാണിക്കുളം ക്ഷേത്രം, പാണാവള്ളി അംബിക വിലാസം അരയങ്കാവ് ക്ഷേത്രം, മാക്കേക്കടവ് ഗൗരിനാഥ ക്ഷേത്രം, അരൂക്കുറ്റി മാത്താനം ക്ഷേത്രം, വടക്കുംകര ദേവി ക്ഷേത്രം തുടങ്ങി വടക്കൻ മേഖലയിലെ ക്ഷത്രങ്ങളിൽ മിക്കവയിലും ഉത്സവം കഴിഞ്ഞ ഉടനെയായിരുന്നു ലോക്ക് ഡൗണായത്. പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പള്ളി, കാട്ടുപുറം കോട്ടൂർ പള്ളി, പാണാവള്ളി തെക്കുംഭാഗം മുഹയുദ്ദീൻ പള്ളി തുടങ്ങിയ ആരാധനാലയങ്ങളിലും കാണിക്കയിലും നേർച്ചയിലും വൻ കുറവാണ് ഉണ്ടായത്.