ഒരു മാസത്തിനിടെ അപകടം രണ്ടാം തവണ
മാവേലിക്കര- കോടതിക്ക് സമീപം റെയിൽവേട്രാക്ക് കടന്നു പോകുന്ന പാലത്തിനടിയിലൂടെ വലിയ ലോഡ് കയറ്റിയെത്തുന്ന വാഹനങ്ങൾ കടന്നു പോകാതിരിക്കാൻ സ്ഥാപിച്ചിട്ടുള്ള ഹൈറ്റ് ഗേജിൽ വീണ്ടും ലോറി കുടുങ്ങി, ഈ മാസം അപകടം ഉണ്ടാകുന്നത് ഇത് രണ്ടാം തവണയാണ്. ജൂൺ 1ന് ഹൈറ്റ് ഗേജിൽ ലോറി കുടുങ്ങി മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഒരു വർഷത്തിനിടെ 7 തവണ ഹൈറ്റ് ഗേജിൽ ലോറികൾ കുടുങ്ങിയിട്ടുണ്ട്. കോടതിക്ക് സമീപത്തുള്ള റയിൽവേ മേൽപ്പാലത്തിന് മുമ്പായുള്ള ഹൈറ്റ് ഗേജാണ് പതിവായി അപകടം ഉണ്ടാക്കുന്നത്.
ഇന്നലെ രാവിലെ 11 ഓടെയായാരുന്നു അപകടം. മാവേലിക്കര ഭാഗത്തേക്ക് സാധനങ്ങളുമായെത്തിയ ഡിസ്ട്രിബ്യൂഷൻ വാനാണ് കുടുങ്ങിയത്. വാനിന്റെ ഉയരം കുറഞ്ഞ മുൻഭാഗം കടന്ന ശേഷമാണ് ചരിഞ്ഞിരുന്ന ക്രോസ്ബാരിയറിൽ തട്ടിയത്. ക്രോസ്ബ്രാരിയർ ഒരു ഭാഗത്തുനിന്നും ഇളകി വാനിനു മുകളിലേക്ക് വീണതോടെ ഗതാഗതവും തടസ്സപ്പെട്ടു. ക്രോസ്ബാരിയർഇളക്കി മാറ്റിയ ശേഷമാണ് വാൻ മാറ്റിയത്.
അപകടത്തിന് കാരണം റോഡിന്റെ ഉയരം
കോടതിക്ക് സമീപമുള്ള റെയിൽവേ മേൽപാലത്തിന് മുന്നിലുള്ള ഹൈറ്റ് ഗേജിൽ ലോഡുമായി എത്തുന്ന വലിയ വാഹനങ്ങൾ കുടുങ്ങുന്നത് പതിവായിരിക്കുകയാണ്. മാവേലിക്കര- ഓലകെട്ടിയമ്പലം പ്രധാന പാതയിൽ ഇത് മൂലം ഗതാഗത തടസ്സം ഉണ്ടകുന്നതും പതിവാണ്. പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമ്മിച്ച മേൽപ്പാലത്തിനടിയിലൂടെ വലിയ ലോഡ് കയറ്റിയെത്തുന്ന വാഹനങ്ങൾ കടന്നു പോകാതിരിക്കാൻ ഹൈറ്റ് ഗേജ് സ്ഥാപിച്ചിരിക്കുന്നത് പ്രധാന റോഡിന്റെ വശങ്ങളിലാണ്. മേൽപാലം പണികഴിപ്പിച്ചതിന് ശേഷം നിരവധി തവണ ഈ റോഡ് റീടാർ ചെയ്തിട്ടുണ്ട്. ഈ അവസരങ്ങളിലെല്ലാം റോഡിന്റെ പൊക്കം കൂടുന്നതാണ് അപകടം പതിവാകാൻ കാരണം. റോഡിന്റെ പൊക്കം കൂടുന്നതിന് അനുസരിച്ച് ഹൈറ്റ് ഗേജ് ഉയർത്താൻ കഴിയാത്തതിനാൽ വലിയ ലോഡുമായി എത്തുന്ന വാഹനങ്ങൾ കുടുങ്ങുകയാണ്.