s

ആലപ്പുഴ: സംസ്ഥാനത്തെ ആദ്യ ദുരിതാശ്വാസ അഭയകേന്ദ്രം മാരാരിക്കുളത്ത് ജനക്ഷേമം കോളനിയിൽ തുറന്നു. മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം നിർവഹിച്ചു. ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയിൽ ഉൾപ്പെടുത്തി പതിമൂന്ന് അഭയ കേന്ദ്രങ്ങളുടെ നിർമ്മാണം ഈ വർഷം പൂർത്തിയാകുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിൽ രണ്ടു ദുരിതാശ്വാസ അഭയകേന്ദ്രങ്ങൾ കൂടി നിർമിക്കും. ചെറുതനയിലേത് നിർമ്മാണം പുരോഗമിക്കുന്നു. ചടങ്ങിൽ മന്ത്രി തോമസ് ഐസക് അദ്ധ്യക്ഷത വഹിച്ചു. മന്ത്രി പി.തിലോത്തമൻ,എ.എം.ആരിഫ് എം.പി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി.വേണുഗോപാൽ, തുടങ്ങിയവർ സംസാരിച്ചു.

ദുരിതാശ്വാസ അഭയ കേന്ദ്രത്തിന്റെ നിർമ്മാണ മേൽനോട്ടം പൊതുമരാമത്ത് വകുപ്പിനായിരുന്നു.

ദുരന്തബാധിതർക്ക് അഭയം നൽകുക എന്നതാണ് കേന്ദ്രത്തിന്റെ പ്രാഥമിക ലക്ഷ്യമെങ്കിലും ദുരന്തം ഇല്ലാത്ത സമയങ്ങളിൽ കെട്ടിടം അഭയകേന്ദ്രം നടത്തിപ്പ് പരിപാലന കമ്മിറ്റിയുടെ അനുമതിയോടുകൂടി മറ്റു സാമൂഹിക ആവശ്യങ്ങൾക്കായി സർക്കാർ നിശ്ചയിക്കുന്ന നിരക്കിൽ വാടകയ്ക്കു നൽകും.

ചെലവ്

2.98 കോടി

വിസ്തീർണം

830 ചതുരശ്ര മീറ്റർ

സൗകര്യങ്ങൾ

 താഴെനിലയിലും മുകൾ നിലയിലും ഹാൾ

 സ്ത്രീകൾക്കും പുരുഷൻമാർക്കും ടോയ്‌ലറ്റ് ബ്ളോക്കുകൾ

 അടുക്കള,സിക്ക് റൂം,സ്റ്റോർ, ജനറേറ്റർ റൂം

 800 പേർക്ക് താമസിക്കാനുള്ള സൗകര്യം

 പരി​പാലനത്തി​ന് സമി​തി​

ലോകബാങ്കിന്റെ സഹായത്തോടെ ദുരന്തനിവാരണ അതോറിട്ടിയുടെ കീഴിൽ പ്രവർത്തിക്കുന്ന അഭയ കേന്ദ്രത്തിന്റെ നിയന്ത്രണം കളക്ടർക്കായിരിക്കും. അഭയ കേന്ദ്രത്തിന്റെ പരിപാലനത്തിനായി മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിസന്റ് അഡ്വ. പ്രിയേഷ്‌കുമാർ ചെയർമാനായിട്ടുള്ള സമിതിക്ക് രൂപം നൽകി. ദുരന്തകാലഘട്ടങ്ങളിൽ അഭയ കേന്ദ്രമായി പ്രവർത്തിക്കുന്ന കെട്ടിടം മറ്റു സമയങ്ങളിൽ പൊതുപരിപാടികൾ, വിവാഹം, പരിശീലന പരിപാടികൾ, കുടുംബശ്രീ പദ്ധതി പ്രവർത്തനങ്ങൾ എന്നിവക്കായും വിനിയോഗിക്കും. കൂടാതെ കടൽ സൗന്ദര്യം ആസ്വദിക്കാൻ എത്തുന്നവർക്ക് വിശ്രമ കേന്ദ്രമായും അഭയ കേന്ദ്രം മാറും.