ആലപ്പുഴ: ജനറൽ ആശുപത്രി മോർച്ചറിയിൽ മൃതദേഹങ്ങൾ സൂക്ഷിക്കുന്നതിനായി ഫ്രീസർ യൂണിറ്റ് സ്ഥാപിച്ചു. ദീർഘകാലമായി ഉപയോഗയോഗ്യമല്ലാതെ കിടക്കുകയായിരുന്ന മോർച്ചറി കെട്ടിടം പുനരുദ്ധരിച്ച് ഒരേ സമയം നാല് മൃതദേഹങ്ങൾ സൂക്ഷിക്കുവാനുള്ള ഫ്രീസർ യൂണിറ്റുകളാണ് സ്ഥാപിച്ചത്. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് മോർച്ചറിയുടെ സൗകര്യങ്ങൾ ഉയർത്തി പ്രവർത്തന സജ്ജമാക്കുന്നതിനാവശ്യമായ നടപടികൾ വരും ദിവസങ്ങളിൽ തന്നെ ആരംഭിക്കുമെന്ന് നഗരസഭ ചെയർമാൻ ഇല്ലിക്കച കുഞ്ഞുമോൻ പറഞ്ഞു. നാല് ലക്ഷം രൂപയാണ് ഫ്രീസറുകൾക്കായി ചെലവായത്. മൃതദേഹം ഫ്രീസറിൽ സൂക്ഷിക്കുന്നതിന് പ്രതിദിനം 750 രൂപയാണ് ഈടാക്കുക.
ഫ്രീസർ യൂണിറ്റിന്റെ ഉദ്ഘാടനം നഗരസഭാദ്ധ്യക്ഷൻ ഇല്ലിക്കൽ കുഞ്ഞുമോൻ നിർവഹിച്ചു.സൂപ്രണ്ട് ഡോ. ജമുന വർഗ്ഗീസ്, നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എ.എ.റസാഖ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ കോയുപറമ്പിൽ, വാർഡ് കൗൺസിലർ സി.എസ്.ഷോളി, ആശുപത്രി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.