അമ്പലപ്പുഴ: ആലപ്പുഴ മെഡി. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് മുന്നിൽ നിറഞ്ഞു നിന്നിരുന്ന രണ്ടു ഹൈമാസ്റ്റ് ലൈറ്റുകൾ കണ്ണടച്ചിട്ട് മാസങ്ങൾ. രാത്രിയിൽ എത്തുന്നവർക്ക് അത്യാഹിത വിഭാഗം എവിടെയാണെന്ന് മനസിലാക്കാനാവാത്ത അവസ്ഥയാണിപ്പോൾ.
ജി.സുധാകരൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നു പണം ചെലവഴിച്ച് നിർമ്മിച്ച ലൈറ്റുകളുടെ അറ്റകുറ്റപ്പണി നടത്തേണ്ടത് അമ്പലപ്പുഴ വടക്കു പഞ്ചായത്താണ്. ഈ രണ്ടു ലൈറ്റുകളിൽ നിന്ന് ആശുപത്രിയുടെ മുഖ്യ കവാടം വരെ പ്രകാശം ലഭിച്ചിരുന്നു. ആംബുലൻസുകൾക്കും രോഗികളുമായെത്തുന്ന മറ്റ് വാഹനങ്ങൾക്കും അത്യാഹിത വിഭാഗത്തിലെത്താൻ ലൈറ്റുകൾ സഹായകരമായിരുന്നു. അത്യാഹിത വിഭാഗത്തിന് മുൻഭാഗത്തുള്ള വാഹന പാർക്കിംഗ് ഏരിയയിലും നിരവധി വാഹനങ്ങളാണ് പാർക്കു ചെയ്യുന്നത്.സന്ധ്യയാകുന്നതോടെ പ്രദേശമാകെ ഇരുട്ടിലാകുന്നതിനാൽ പാർക്കു ചെയ്ത വാഹനങ്ങൾ കണ്ടെത്തി തിരികെ എടുക്കാനും ബുദ്ധിമുട്ടുകയാണ്.
ഇതിനടുത്താണ് വിശ്രമകേന്ദ്രം. വെളിച്ചമില്ലാത്തതിനാൽ രോഗികളുടെ കൂട്ടിരിപ്പുകാർ ഈ ഭാഗത്തേക്ക് വരാറില്ല. അതുകൊണ്ടുതന്നെ വിശ്രമകേന്ദ്രത്തിനു സമീപമുള്ള സ്ഥലങ്ങൾ തെരുവുനായ്ക്കളും, ഇഴജന്തുക്കളും കയ്യടക്കിയിരിക്കുകയാണ്.
മോഷണങ്ങൾ കൂടുന്നു
ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന മെഡിക്കൽ കോളേജ് ആശുപത്രി ആയതിനാൽ വാഹനാപകടങ്ങളിൽപ്പെട്ട് പരിക്കേൽക്കുന്നവരെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നു ഇവിടേക്കാണ് കൊണ്ടുവരുന്നത്. ലൈറ്റുകൾ തെളിയാത്തത് മോഷണങ്ങൾ പെരുകാനും സാമൂഹ്യ വിരുദ്ധർ തമ്പടിക്കാനും ഇടയാക്കുന്നുണ്ട്.