sikhara

 ശിക്കാര വള്ളക്കാർക്കായി ക്രൗഡ് ഫണ്ടിംഗ്

ആലപ്പുഴ: ലോക്ക്ഡൗൺ നിയമങ്ങളിൽ ഇളവു വരുമ്പോൾ, ആലപ്പുഴയിലെ കനാലുകളിലും കായലിലും ഒരു മണിക്കൂർ സവാരി നടത്താൻ ശിക്കാര വള്ളം തികച്ചും സൗജന്യമായി വേണോ! ഓപ്പറേറ്റർമാരുടെ 'സഹായധന ഫണ്ടി'ലേക്ക് 500 രൂപ മുതൽ സംഭാവന ചെയ്യാൻ തയ്യാറാണെങ്കിൽ അധികം അകലെയല്ലാത്ത അവസരത്തിൽ കായലിൽ ഒരു സവാരി അന്ന് സൗജന്യം; ഉറപ്പ്.

ലോക്ക് ഡൗണിനെത്തുടർന്ന് വരുമാനം നിലച്ച ശിക്കാര ഓപ്പറേറ്റർമാർക്കു വേണ്ടി, കൊച്ചി ആസ്ഥാനമായ ചെറിഷ് എക്സ്പെഡിഷൻസ് ടൂറിസ്റ്റ് ഏജൻസിയാണ് ക്രൗഡ് ഫണ്ടിംഗ് എന്ന നൂതന ആശയത്തിലേക്ക് കടന്നത്. ഇക്കാര്യത്തിൽ മിടുക്കരായ ഏൻസി 'മിലാപി'നെയാണ് അവർ സമീപിച്ചത്. ടൂറിസം മേഖലയുടെയും ശിക്കാര തൊഴിലാളികളുടെയും നിലവിലെ അവസ്ഥ വിശദമാക്കിയുള്ള വിവരണം കൂടി നൽകിയതോടെ 'ഒരാഴ്ച്ചയ്ക്കുള്ളിൽ ഒരു ലക്ഷം രൂപ' എന്ന ലക്ഷ്യം കൈവരിക്കാൻ സാധിച്ചു. 50 ശിക്കാര ഓപ്പറേറ്റർമാർക്ക് രണ്ടായിരം രൂപ വീതം ധനസഹായമാണ് പദ്ധതി വഴി എത്തിക്കുന്നത്. ഇതിനോടകം 42 പേരുടെ അക്കൗണ്ടിൽ പണമെത്തിക്കഴിഞ്ഞു.

എല്ലാ വർഷവും ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ ശിക്കാര വള്ളങ്ങൾക്ക് ഏറ്റവും കൂടുതൽ ഓട്ടം കിട്ടുന്ന സമയമായിരുന്നു. ഇതുവരെ 80 പേരാണ് നൂറു രൂപ മുതലുള്ള സഹായങ്ങളുമായി ക്രൗഡ് ഫണ്ടിംഗിനോട് സഹകരിച്ചത്. സുസ്തേര ഫൗണ്ടേഷന്റെ സഹായത്തോടെയാണ്, ധനസഹായത്തിന് അർഹരായ 50 പേരെ കണ്ടെത്തിയത്.

........................

200: ജില്ലയിലെ ശിക്കാര വള്ളങ്ങൾ

............................

വരുമാനം നിലച്ച ഈ സമയത്ത് സഹായിച്ചവരോട് ഏറെ കടപ്പാടുണ്ട്. സംഭാവന നൽകിയവരെ സൗജന്യ സവാരിക്ക് കൊണ്ടുപോകാൻ ഞങ്ങൾ തയ്യാറാണ്. ഉടൻ ടൂറിസം വ്യവസായത്തിന് പുനരുജ്ജീവനം സാദ്ധ്യമാകണമെന്നാണ് പ്രാർത്ഥന. ബോട്ട് വാങ്ങിയ വകയിലെ ലോൺ തിരിച്ചടവ് മുടങ്ങിയിരിക്കുകയാണ്.

വി.വി.മോഹൻദാസ്, ശിക്കാര ഓപ്പറേറ്റർ

............................

സംഭാവനയായി വരുന്ന തുക ശിക്കാര ഓപ്പറേറ്റർമാരുടെ അക്കൗണ്ടിലേക്ക് നേരിട്ട് എത്തിക്കും. സാധാരണ ക്രൗഡ് ഫണ്ടിംഗിൽ തുകയുടെ അഞ്ച് ശതമാനം കമ്മിഷൻ എന്നതാണ് കീഴ്വഴക്കം. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ യാതൊരു കമ്മിഷനും ഏർപ്പെടുത്താതെയാണ് ഫണ്ടിംഗിനോട് സഹകരിക്കുന്നത്

മുബീൻ മുഹമ്മദ് അലി ഖാൻ, മിലാപ്