തുറവൂർ: ഒറ്റമശേരി മുതൽ ചെല്ലാനം വരെ കടലാക്രമണം ശക്തമായത് നിരവധി കുടുംബങ്ങളെ ഭീതിയിലാഴ്ത്തുന്നു.
ചാപ്പക്കടവ് മത്സ്യ ഗ്യാപ്പിന് സമീപം താമസിക്കുന്ന നൂറോളം വീടുകൾ കടലാക്രമണ ഭീഷണിയിലാണ്. തുറവൂർ പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ പള്ളിത്തോട് പുന്നയ്ക്കൽ പ്രദേശം, പാല്യ തൈപ്രദേശം, പാട്ടം പ്രദേശം എന്നിവിടങ്ങളിൽ ശക്തമായാണ് കടൽ വെള്ളം കരയിലേക്ക് കയറുന്നത്. കടൽഭിത്തി തകർന്ന വിടവിലൂടെയാണ് കടൽ കയറുന്നത്. കടൽഭിത്തിയോട് ചേർന്ന് മണൽഭിത്തി നിർമ്മിച്ചെങ്കിലും പലയിടങ്ങളിലും ആദ്യത്തെ കടലാക്രമണത്തിൽ തന്നെ അവ പൂർണ്ണമായും തകർന്നു. നൂറോളം വീടുകളിൽ ഓരുവെള്ളം കയറിയ അവസ്ഥയാണ്. മുറ്റത്തെ മലിനജലം ഒഴുക്കിവിടാനുള്ള യാതൊരു വിധ സൗകര്യങ്ങളും ഇല്ലാത്തത് ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കിയിരിക്കുകയാണ്.