ചേർത്തല: റെയിൽവേ പാളത്തിനോട് ചേർന്നുള്ള റോഡിലെ കുഴിയിൽ വീണ് ഇരുചക്രവാഹനയാത്രികർക്ക് പരിക്കേറ്റു. മുനിസിപ്പൽ എട്ടാം വാർഡിൽ പള്ളിക്കര ജോണിയുടെ ഭാര്യ മേരി, മകൾ അന്നു എലിസബത്ത് എന്നിവരാണ് പരിക്കേറ്റ് ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. കഴിഞ്ഞ ദിവസം രാവിലെ അർത്തുങ്കൽ ബൈപാസിന് സമീപമുള്ള റെയിൽ ക്രോസിലായിരുന്നു അപകടം. ഇവർ സഞ്ചരിച്ച സ്‌കൂട്ടർ റെയിൽ ക്രോസിനോട് ചേർന്നുള്ള റോഡിലെ കട്ടകൾക്കിടയിൽ കുടുങ്ങി പുറകിലേക്ക് മറിയുകയായിരുന്നു. മുന്നിൽ മറ്റൊരു വാഹനത്തിൽ പോകുകയായിരുന്ന ഭർത്താവ് ജോണിയും ശബ്ദം കേട്ട് ഓടിയെത്തിയ ഗേറ്റ് കീപ്പറും നാട്ടുകാരുമാണ് ഇവർക്ക് സഹായവുമായെത്തിയത്. റോഡിൽ കട്ടകൾ അകന്ന് ഇരുചക്രവാഹനങ്ങൾ ഇവിടെ അപകടത്തിൽ പെടുന്നത് പതിവാണെന്ന് യാത്രക്കാർ പറയുന്നു.