tv-r

തുറവൂർ: ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യവേ റോഡിൽ വീണ് റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരൻ മരിച്ചു. അരൂർ പഞ്ചായത്ത് പതിനെട്ടാം വാർഡ് തെന്നാടം വെളിയിൽ സി.കെ. സുബ്രഹ്മണ്യൻ (61) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11.30ന് തുറവൂർ - തൈക്കാട്ടുശേരി റോഡിൽ തുറവുർ കവലയ്ക്ക് കിഴക്ക് കലാരംഗം ആഡിറ്റോറിയത്തിനു സമീപമായിരുന്നു അപകടം.

അരൂരിലെ വീട്ടിൽ നിന്ന് വളമംഗലത്തുള്ള, ബന്ധുവീട്ടിലേക്ക് പോകവേയായിരുന്നു അപകടം. പെട്ടെന്ന് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ സുബ്രഹ്മണ്യനെ ഉടൻ തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എറണാകുളം കമ്പിത്തപാൽ ഓഫീസ് ജീവനക്കാരുടെ സഹകരണ സംഘത്തിന്റെ മുൻ പ്രസിഡന്റും, എറണാകുളത്തെ തൊഴിലാളികളുടെ സാംസ്കാരിക പ്രസ്ഥാനമായ പേസിന്റെ (പീപ്പിൾസ് ആർട്ട്സ് സെന്റർ എറണാകുളം) മുഖ്യസംഘാടകനുമായിരുന്നു. പി.ജെ. ആന്റണി ഫൗണ്ടേഷന്റെ തെരുവരങ്ങിൽ രണ്ടു തവണയും പിന്നീട് തൊഴിലാളികളുടെ സമരവേദികളിലും സുബ്രമണ്യൻ എഴുതി സംവിധാനം ചെയ്ത നാടകങ്ങൾ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഭാര്യ: സുശീല. മക്കൾ: ചാരുലത, ചിത്രലേഖ. കുത്തിയതോട് പൊലീസ് കേസെടുത്തു.