s

ആലപ്പുഴ: ആലപ്പുഴ ബൈപാസിൽ കുതിരപ്പന്തിയിലെ റെയിൽവേ ഓവർ ബ്രിഡ്ജിന്റെ ഗർഡർ സ്ഥാപിക്കുന്ന ജോലികൾ ഇന്ന് ആരംഭിക്കും. ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് നാലുവരെയാണ് പ്രവൃത്തിയെന്ന് മന്ത്രി ജി.സുധാകരൻ അറിയിച്ചു.
ഇന്ന് മുതൽ 25 വരെയുള്ള ആറ് ദിവസമാണ് ട്രെയിനുകൾ ക്രമീകരിച്ച്, ഗർഡറുകൾ സ്ഥാപിക്കാൻ റെയിൽവേ സമയം അനുവദിച്ചിട്ടുള്ളത്.

ഗർഡർ സ്ഥാപിച്ചതിന് ശേഷം രണ്ട് മാസത്തോളം കോൺക്രീറ്റിംഗ് ജോലികൾക്കായി വേണ്ടി വരും.
ആഗസ്റ്റ് 15 നകം കുതിരപ്പന്തി ഭാഗത്തെ കോൺക്രീറ്റിംഗ് പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടർന്ന് കാലാവസ്ഥ അനുയോജ്യമാണെങ്കിൽ ടാറിംഗ് നടത്തി സെപ്തംബറിൽ ബൈപാസ് നാടിന് സമർപ്പിക്കാൻ കഴിയും. പൊതുമരാമത്ത് വകുപ്പും ദേശീയപാത വിഭാഗവും നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ് ബൈപാസുമായി ബന്ധപ്പെട്ടുള്ള തടസങ്ങൾ ഒഴിവാക്കാൻ കഴിഞ്ഞത്.
ഗർഡർ സ്ഥാപിക്കുന്ന സമയം മന്ത്രി ജി.സുധാകരനും സ്ഥലത്തെത്തും. മന്ത്രിയോടൊപ്പം കളക്ടർ എ.അലക്‌സാണ്ടർ , ദേശീയപാത ചീഫ് എൻജിനീയർ, സൂപ്രണ്ടിംഗ് എൻജിനീയർ, എക്‌സിക്യൂട്ടീവ് എൻജിനീയർ തുടങ്ങിയവരും റെയിൽവേ ഉദ്യോഗസ്ഥരും ഉണ്ടായിരിക്കും.