ഓൺലൈൻ ക്ളാസുകൾ വന്നതോടെ ടെലിവിഷൻ വിപണി ഉണർവിൽ
ആലപ്പുഴ : ഓൺലൈൻ വിദ്യാഭ്യാസ സമ്പ്രദായം ആരംഭിച്ചതോടെ ടെലിവിഷൻ വിപണി മുമ്പെങ്ങുമില്ലാത്ത ഉണർവിൽ. ലോക്ക് ഡൗണിനെ തുടർന്ന് കച്ചവടം പാടെ തകർന്നിരുന്ന ഗൃഹോപകരണ ശാലകൾക്ക് ഇതുപകരുന്ന ആശ്വാസം ചെറുതല്ല. വീട്ടിൽ ടെലിവിഷൻ സെറ്രുകളില്ലാത്ത നിർദ്ധന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് നൽകാനായി സ്കൂളുകളും, സന്നദ്ധ സംഘടനകളും ടിവികൾ കൂടുതലായി വാങ്ങുന്നു.
ലോക്ക് ഡൗണിനെത്തുടർന്ന് അവതാളത്തിലായ ഉത്പാദനവും ചരക്ക് നീക്കവും പഴയപടിയിലേക്ക് എത്തിയിട്ടതിനാൽ കടകളിൽ സ്റ്റോക്കിന്റെ കുറവുണ്ട്. പല കടകളിലും വിലകൂടിയ ബ്രാൻഡഡ് ഉത്പന്നങ്ങൾ മാത്രമാണ് സ്റ്റോക്കുള്ളത്. ബേസ് ബഡ്ജറ്റ് ടിവികൾക്കാണ് ആവശ്യക്കാരേറെ. ഇവയ്ക്ക് 8000 രൂപ മുതലാണ് വില . ഇടത്തരക്കാർ ഓൺലൈൻ തത്സമയ ക്ലാസുകൾ കണക്ട് ചെയ്യാനാവുന്ന സ്മാർട് ടിവികൾ തേടിയും വരുന്നുണ്ട്. ഭൂരിഭാഗം ഷോറൂമുകളിലും 15000 രൂപയ്ക്ക് മുകളിലുള്ള ടിവികൾ മാത്രമാണ് സ്റ്റോക്കുള്ളത്. 7000 രൂപ വിലവരുന്ന 24 ഇഞ്ച് ടെലിവിഷനുകൾക്കായി ഷോറൂമുകളിൽ ബുക്ക് ചെയ്ത് കാത്തിരിക്കുന്ന വലിയ വിഭാഗവുമുണ്ട്. സന്നദ്ധ സംഘടനകൾ മുഴുവൻ തുകയടച്ച് ഉത്പന്നം വാങ്ങുമ്പോൾ, വ്യക്തികൾ ആകെ തുകയുടെ മൂന്നിലൊന്ന് മാത്രം അടയ്ക്കാവുന്ന ഇ.എം.ഐ സംവിധാനമാണ് പ്രയോജനപ്പെടുത്തുന്നത്.
ഉണർന്ന് ഓൺലൈൻ വിപണിയും
ടെലിവിഷനൊപ്പം, സ്മാർട്ട് ഫോൺ, ലാപ് ടോപ് എന്നിവയുടെ വിപണിയിലും കാര്യമായ ഉണർവ് പ്രകടമാണ്. ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഓൺലൈൻ വിപണിയിലും ടെലിവിഷൻ, സ്മാർട് ഫോൺ എന്നിവയുടെ വിൽപ്പന തകർക്കുന്നു
'' പരിമിതമായ സ്റ്റോക്ക് മാത്രമാണ് ഷോറൂമുകളിൽ ശേഷിക്കുന്നത്. കൂടുതൽ ഉപഭോക്താക്കളെത്തുന്നുണ്ട്. ഇ.എം.ഐ സംവിധാനത്തിലാണ് വിൽപ്പന കൂടുതൽ.
- ഗൃഹോപകരണശാല അധികൃതർ
ടിവി വില
ബേസ് ബഡ്ജറ്റ് മോഡൽ - 8000 രൂപ മുതൽ
സ്മാർട് ടി വി - 16500 മുതൽ
ബ്രാൻഡഡ് മോഡൽ - 14500 മുതൽ
ടിവിയുടെ നല്ലകാലം
ടി വി ചലഞ്ചുകൾ പ്രയോജനമായി
പ്രിയം പുതിയ മോഡലുകളോട്
സീസണല്ലാത്ത കാലയളവിലെ ഏറ്റവും വലിയ കച്ചവടം