ആലപ്പുഴ: വായനാദിനത്തിൽ കുട്ടികൾക്കായി ഓൺലൈൻ പഠന കേന്ദ്രമൊരുക്കി ഇ @ മാരാരി. കലവൂർ കാറ്റാടി വായന ശാലയിൽ ആരംഭിച്ച പ്രാദേശിക പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനം അഡ്വ. എ.എം.ആരിഫ് എം.പി നിർവഹിച്ചു. മാരാരിക്കുളം ഡിവിഷനിൽ ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ഇ @ മാരാരിയുടെ പത്താമത്തെ കേന്ദ്രമാണിത്.
കൊവിഡ് പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിക്കുന്നതിനും സാനിട്ടൈസർ, മാസ്‌ക്, ഹാൻഡ് വാഷ് തുടങ്ങിയ ഉപയോഗിക്കുന്നതിനും സൗകര്യങ്ങൾ പഠന കേന്ദ്രങ്ങളിൽ ഉറപ്പാക്കിയിട്ടുണ്ട്. .
പത്ത് കേന്ദ്രങ്ങളിലായി അഞ്ചു മുതൽ 10 വരെ ക്ലാസുകളിൽ 638 വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തതായി ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി.മാത്യു അറിയിച്ചു. കാറ്റാടി വായനശാല ബിരിയാണി ചലഞ്ചിലൂടെ ശേഖരിച്ച 42,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനായി എം.പി ക്ക് കൈമാറി.
മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകൻ, കലവൂർ ഗവ. എച്ച്.എസ്.എസിലെ അദ്ധ്യാപകരായ ആശ, ഷീബ, കാറ്റാടി വായന ശാല പ്രസിഡന്റ് സി.എ.ബാബു, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.