ചേർത്തല: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് ബി.ഡി.ജെ.എസ് മുന്നൊരുക്കം ആരംഭിച്ചെന്നും കഴിഞ്ഞ തവണ മത്സരിച്ച 35 ശതമാനം സീറ്റുകളിൽ ഇത്തവണയും മത്സരിക്കുമെന്നും പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ചേർത്തല കരപ്പുറം റസിഡൻസിയിൽ നടന്ന സംസ്ഥാന കൗൺസിൽ യോഗത്തിന് ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട സ്ഥാനാർത്ഥികളുടെ ആദ്യഘട്ടം പട്ടിക തയ്യാറാക്കി.ജില്ല, സംസ്ഥാന സമിതികൾ ചർച്ച ചെയ്ത് 30ന് മുമ്പ് പട്ടിക പൂർത്തിയാക്കും.ബി.ജെ.പി പുതിയ സംസ്ഥാന പ്രസിഡന്റിനെ തിരഞ്ഞെടുത്തതിന് ശേഷം 28ന് നടക്കുന്ന ആദ്യ എൻ.ഡി.എ യോഗത്തിൽ തിരഞ്ഞെടുപ്പ് വിഷയങ്ങൾ ഉൾപ്പെടെ ചർച്ച ചെയ്യും. നിർജീവമായ ഭാരവാഹികളെ ഒഴിവാക്കി ആലപ്പുഴയിൽ അടക്കമുള്ള കമ്മി​റ്റികൾ 25ന് മുമ്പ് പുനസംഘടിപ്പിക്കും.സുഭാഷ് വാസുവിനെ സ്‌പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്തു നിന്ന് നീക്കുന്ന കാര്യത്തിൽ വൈകാതെ തീരുമാനമുണ്ടാകും. ഇതിനായി പ്രധാനമന്ത്രി,ആഭ്യന്തര മന്ത്രി ഉൾപ്പെടെയുള്ളവർക്ക് കത്തു നൽകിയിട്ടുണ്ട്.തന്നെയും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയെയും അകത്താക്കുമെന്നു പറഞ്ഞ സുഭാഷ് വാസു മൂന്നര മാസമായി ഒളിവിലാണെന്നും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മാതൃകയാണെന്നും തുഷാർ പറഞ്ഞു.

ഭാരവാഹികളായ അരയാക്കണ്ടി സന്തോഷ്,സംഗീത വിശ്വനാഥൻ,എ.ജി.തങ്കപ്പൻ, കെ.പത്മകുമാർ,വി.ഗോപകുമാർ,പച്ചയിൽ സന്ദീപ്, തഴവ സഹദേവൻ,ഉണ്ണിക്കൃഷ്ണൻ ചാലക്കുടി,കെ.കെ.ബിനു,അനിരുദ്ധ് കാർത്തികേയൻ,എൻ.എൻ.അനുരാഗ് എന്നിവർ പങ്കെടുത്തു.