ആലപ്പുഴ: നഗരത്തിൽ റിട്ട. വനിയാ പ്രൊഫസറെ വീട്ടിൽക്കയറി കളിത്തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി പണം കവരാൻ ശ്രമിച്ച ബി.ടെക് ബിരുധദാരിയായ യുവാവ് പിടിയിലായി. ഇരവുകാട് സ്വദേശി ഫിറോസ് കലാം(21) ആണ് ആലപ്പുഴ നോർത്ത് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ബുധാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സെന്റ് ജോസഫ്സ് കോളേജ് റിട്ട. പ്രൊഫസർ കോൺവെന്റ് സ്ക്വയർ പരുത്തിക്കാട് വീട്ടിൽ ലില്ലി കോശിയെ ഫിറോസ് വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയത്. ലില്ലി കോശിയുടെ വീട്ടിൽ ജോലിക്ക് നിൽക്കുന്ന സ്ത്രീയുടെ ചെറുമകനായ ഫിറോസ് 30 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. തരില്ലെന്ന് പറഞ്ഞപ്പോൾ 10ലക്ഷമെങ്കിലും വേണമെന്നായി. അവസാനം,എന്തെങ്കിലും തന്നാൽ മതിയെന്നായി. ഇരുമ്പ് പാലത്തിന് സമീപമുള്ള കടയിൽ നിന്നാണ് തോക്ക് വാങ്ങിയത്. കാനഡയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്ന ഫിറോസ് യാത്രയ്ക്കുള്ള പണത്തിന് വേണ്ടിയാകാം പണം ആവശ്യപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. പരിസരത്തെ സി.സി ടിവിയിൽപതിഞ്ഞ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.