അമ്പലപ്പുഴ: തോട്ടപ്പള്ളി പൊഴിയിലെ കരിമണൽ ഖനനത്തിന് കോടതി ഇന്നലെ അനുവാദം നൽകിയതിനു പിന്നാലെയാണ് പുറക്കാട് പഞ്ചായത്ത് ഓഫീസിൽ സംഘർഷാവസ്ഥ. പഞ്ചായത്ത് കമ്മിറ്റി കൂടി, മണൽഖനനം പാടില്ലെന്ന് പ്രമേയം അവതരിപ്പിച്ചപ്പോൾ പ്രതിപക്ഷത്തെ എൽ.ഡി.എഫ് അംഗങ്ങൾ എതിർത്തു.
ഭരണ പക്ഷത്തെ 8 അംഗങ്ങളും ബി.ജെ.പിയിലെ 2 അംഗങ്ങളും, ഒരു സി പി.ഐ അംഗവും മണൽഖനനത്തെ എതിർത്തു.പ്രതിപക്ഷം ഇറങ്ങിപ്പോയപ്പോൾ മിനിറ്റ്സ് തയ്യാറാക്കാൻ സെക്രട്ടറി ജനിമോനോട് ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. വൈകിട്ടോടെ, പരിസരത്തുണ്ടായിരുന്ന പ്രതിപക്ഷ അംഗങ്ങൾ ഓഫീസിലെത്തി മിനിറ്റ്സ് തയ്യാറാക്കരുതെന്ന് സെക്രട്ടറിയോട് ആവശ്യപ്പെട്ടത് സംഘർഷാവസ്ഥയ്ക്കു കാരണമായി. ഉച്ചമുതൽ സ്ഥലത്ത് നിലയുറപ്പിച്ചിരുന്ന പൊലീസ് എത്തി സെക്രട്ടറിയെ വീട്ടിൽ പോകാൻ അനുവദിച്ചു.പൊലീസ് കാവലിൽ സെക്രട്ടറിയെ പുറത്തെത്തിച്ചതിനെ തുടർന്ന് ഭരണപക്ഷവും, പ്രതിപക്ഷവും തമ്മിൽ മണിക്കൂറുകളോളം വാക്കുതർക്കം ഉണ്ടായി. അമ്പലപ്പുഴ പൊലീസ് എത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയതിനാൽ സംഘർഷം ഒഴിവായി. കെ.എം.എൽ.എല്ലിന് സ്റ്റോപ്പ് മെമ്മോ നൽകിയ സെക്രട്ടറി ബീന സ്ഥലം മാറി പോയത് നാലുദിവസം മുമ്പായിരുന്നു. തുടർന്നാണ് ജനിമോൻ സെക്രട്ടറിയായത്.