ആലപ്പുഴ: തോട്ടപ്പള്ളിയിൽ കനാലിന്റെ ആഴവും വീതിയും കൂട്ടുന്നതിനെതിരെ ഒരു സ്റ്റേയും വന്നിരുന്നില്ലെന്ന് മന്ത്രി ജി.സുധാകരൻ പ്രസ്താവനയിൽ പറഞ്ഞു. ചിലർ ഇങ്ങനെ കേരളമാകെ പ്രചരിപ്പിക്കുകയായിരുന്നെന്നും മന്ത്രി പറഞ്ഞു.
ഇന്നലെ ഹൈക്കോടതിയിൽ കേസ് വാദത്തിന് വന്നു. ആഴവും വീതിയും കൂട്ടുന്ന പ്രക്രിയ വെള്ളപ്പൊക്കം തടയാനായതിനാൽ തുടരാനാണ് ഹൈക്കോടതി പറഞ്ഞത്. ഇക്കാര്യത്തിൽ വ്യാജപ്രചാരണം നടത്തിയത് ആരായാലും അവർ സമൂഹത്തിനും നിയമത്തിനും മുന്നിൽ കുറ്റക്കാരാണ്. അവർ ആരാണെന്ന് പൊതുജനങ്ങൾക്കറിയാം. തോട്ടപ്പള്ളിയിൽ കരിമണൽ കനനം നടത്തുന്നില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കുകയാണ്. അവിടെ അടിഞ്ഞുകൂടുന്ന മണ്ണാണ് മാറ്റുന്നത്. ഇത് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. പുതിയ കാര്യമല്ല. അതിനുള്ളിൽ കരിമണൽ ഉണ്ട്. ആ കരിമണൽ സംസ്ഥാന സർക്കാർ സ്ഥാപനമായ ചവറയിലെ മിനറൽസ് ആൻഡ് മെറ്റൽസ് കമ്പനിക്ക് നൽകണോ എന്നതാണ് സർക്കാരിന് മുന്നിൽ വന്ന പ്രശ്‌നം. സർക്കാരിന്റെ കമ്പനിക്ക് നൽകി ഖജനാവ് ശക്തിപ്പെടുത്തണമെന്നാണ് തീരുമാനിച്ചത്. ഇത് സി.പി.എമ്മിന്റെ കാര്യമല്ല, ഖജനാവിന്റെ കാര്യമാണ്. ഖജനാവിൽ വരുന്ന പണത്തിന്റെ ഗുണം കമ്മ്യൂണിസ്റ്റുകാർക്കും കോൺഗ്രസ്സുകാർക്കും ബി.ജെ.പിക്കാർക്കും എല്ലാം ഒരു പോലെ ഉപകാരം ചെയ്യുന്നതാണ്. അത് എല്ലാവരും മനസ്സിലാക്കണം.
ഇത് മനസ്സിലാക്കാനുള്ള രാജ്യ സ്‌നേഹവും സാമൂഹ്യ ബോധവും ഇല്ലാത്തവർ സ്വാർത്ഥ ലക്ഷ്യങ്ങൾക്ക് വേണ്ടി തോട്ടപ്പള്ളിയെ സമരവേദിയാക്കിയെങ്കിലും ബഹുജന പിന്തുണ ലഭിച്ചില്ല. തൊഴിലുറപ്പുകാരായ കുറച്ചു സ്ത്രീകളും വിവിധ പ്രതിപക്ഷ പാർട്ടികളുടെ ആളുകളും ദിവസവും കൂടി ബഹളം വച്ചാൽ അത് പൊതുജന പ്രക്ഷോഭം ആകില്ല. മണൽ കൊണ്ടുപോകാൻ പറ്റില്ല എന്നു പറഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് ലോറിക്ക് മുമ്പിൽ കിടന്ന് സത്യാഗ്രഹം നടത്തി. പ്രത്യേക യന്ത്രം കൊണ്ടുവന്നപ്പോൾ ഇവർ തന്നെ തടഞ്ഞു. മണൽ ഇവിടെ ഇട്ടതിന് ശേഷം ഫാക്ടറിക്ക് ആവശ്യമായ കരിമണൽ കൊണ്ടുപോയാൽ രോഗങ്ങൾ പരത്തുമെന്ന് പ്രചരിപ്പിച്ചു. പതിറ്റാണ്ടുകളായി കടപ്പുറത്ത് മണ്ണും കരിമണലും കുഴഞ്ഞ് കിടക്കുകയാണ്. അന്ന് ഇല്ലാത്ത പ്രശ്‌നം മണൽ മാത്രം ഇവിടെ ഇടുമ്പോൾ എങ്ങനെയാണ് ഉണ്ടാകുന്നതെന്ന് വ്യക്തമാക്കണം.
4000 കോടിയുടെ വികസനമാണ് അമ്പലപ്പുഴ താലൂക്കിൽ പൊതുമരാമത്ത് വകുപ്പിൽ നടത്തുന്നത്. പുറക്കാട് പഞ്ചായത്ത് ഭരിക്കുന്നത് കോൺഗ്രസ് ആണെങ്കിലും വികസനത്തിന് ഒരു കുറവും വരുത്തിയിട്ടില്ല. എന്നാൽ നന്ദിയില്ലാതെയാണ് പുറക്കാട് പ്രസിഡന്റും അനിയായികളും പ്രവർത്തിക്കുന്നത്. തോട്ടപ്പള്ളി പൊഴിയിൽ നിന്നു മണ്ണ് വാരുന്നതല്ലാതെ കടപ്പുറത്തെ ഒരു തരി മണൽ വാരാൻ സി.പി.എമ്മും സർക്കാരും അനുവദിക്കില്ല.
ആയിരക്കണക്കിന് ആളുകൾ കടപ്പുറത്തേക്ക് മാർച്ച് ചെയ്ത് വസ്തുതകൾ ജനങ്ങളോട് വിളിച്ചു പറയും. അത്തരം സാഹചര്യങ്ങൾ ഉണ്ടാക്കരുത്. കരിമണൽ കനനത്തെ ആരും അനുകൂലിക്കുന്നില്ല. അടിഞ്ഞ് കൂടുന്ന മണ്ണ് വാരുമ്പോൾ അതിലുള്ള കരിമണൽ പൊതുമേഖല സ്ഥാപനത്തിന് കൊടുക്കുകയാണ് ചെയ്യുന്നത്. അത് കമ്യൂണിസ്റ്റുകാരുടെ എക്കാലത്തെയും നയമാണ്. അതുകൊണ്ട് തോട്ടപ്പള്ളിയിൽ ഇല്ലാത്ത കോടതിവിധി ഉണ്ടെന്നു വ്യാഖ്യാനിച്ച് കളവ് പറഞ്ഞവർ ജനങ്ങളുടെ മുമ്പിൽ പരിഹാസ്യരായിരിക്കുകയാണ്.
ഈ സമരം വേണ്ടിവന്നാൽ തോട്ടപ്പള്ളിക്കാർ ഏറ്റെടുക്കും. അതിനായി യഥാർത്ഥ കുട്ടനാടൻ കൃഷിക്കാരും കർഷക തൊഴിലാളിയും മത്സ്യത്തൊഴിലാളിയും അണിനിരക്കും. കുട്ടനാടിനെ നശിപ്പിക്കാൻ വേണ്ടിയുള്ള കലാപമാണ് അവിടെ നടക്കുന്നത്. കുട്ടനാടൻ ജനത ഇത് തിരിച്ചറിഞ്ഞില്ലെങ്കിൽ ഭാവിയിൽ കുട്ടനാട് ദു:ഖിക്കേണ്ടിവരും. കാര്യങ്ങൾ മനസിലാക്കി രാഷ്ട്രീയ നേതൃത്വങ്ങൾ പെരുമാറണമെന്നും മന്ത്രി ജി.സുധാകരൻ അഭ്യർത്ഥിച്ചു.