തോട്ടപ്പള്ളി പൊഴിമുഖത്തെ മണൽ ധാതുസമ്പന്നം
ആലപ്പുഴ: തോട്ടപ്പള്ളി പൊഴിമുഖത്ത് നിന്ന് നീക്കം ചെയ്യുന്ന ഒരു കിലോ മണലിൽ നിന്ന് 55 മുതൽ 75 ശതമാനം വരെ ധാതുസമ്പത്ത് ലഭിക്കുമെന്ന് റിപ്പോർട്ടുകൾ.
ബ്രസീൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ധാതുസമ്പത്തുള്ള മണൽശേഖരം തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയുള്ള തീരത്താണ്. ഇതിൽ പ്രധാനം പുറക്കാട് മുതൽ വലിയഴീക്കൽ വരെയുള്ളള്ള ഭാഗവും. 1987ലെ മിനറൽസ് ആൻഡ് മൈനിംഗ് ആക്ട് പട്ടിക ഒന്നിലെ പാർട്ട് ബിയിൽ വരുന്ന മൂലകങ്ങളാണ് റെയർ മിനറൽസ് ആയി നിർവചിച്ചിട്ടുള്ളത്. ഈ പട്ടികയിൽ പെടുന്ന മൂലകങ്ങൾ അടങ്ങിയ മണലാണ് തോട്ടപ്പള്ളിയിലുള്ളതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ ഒരു ടൺ ഇൽമനൈറ്റിന് 15,000 രൂപയുണ്ട്. പൊഴിമുഖത്ത് നിന്ന് നീക്കം ചെയ്യുന്ന മുഴുവൻ മണലും ചവറയിലേക്ക് കൊണ്ടു പോകുന്നതിനാൽ ലഭ്യമാകുന്ന ഇൽമനൈറ്റിൻറ്റെ കണക്ക് വ്യക്തമായിട്ടില്ല.
തോട്ടപ്പള്ളിയിൽ നിന്ന് മണലെടുക്കാൻ ഒരു ക്യുബിക് മീറ്ററിന് 465 രൂപ നിരക്കിൽ സർക്കാരിലേക്ക് കെ.എം.എം.എൽ അടച്ചിരുന്നു. രണ്ട് ലക്ഷം എം ക്യൂബ് മണൽ നീക്കം ചെയ്യാനാണ് ജില്ലാ ഭരണകൂടം കെ.എം.എം.എല്ലിനോട് ആവശ്യപ്പെട്ടത്. 2010ലെ കണക്കനുസരിച്ച് ആഗോളതലത്തിൽ പ്രതിവർഷം 6.4 മെട്രിക് ടൺ ടൈറ്റാനിയം ഡയോക്സൈഡ് ഉപയോഗിക്കുന്നുണ്ട്.
വേണ്ടവിധം ഉപയോഗപ്പെടുത്തിയില്ലെങ്കിൽ നിലവിലെ മണൽ പൊഴിമുറിക്കുമ്പോൾ കടലിലേക്ക് ഒഴുകും. തീരത്തിന്റെ നിലനിലൽപ്പിന് ആഘാതം ഏൽക്കുന്ന വിധം ഖനനം നടന്നാൽ അത് നിരന്തര പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യും.
മണലിലെ ഘടകങ്ങൾ
ഇൽമനൈറ്റ്, മോണോസൈറ്റ്, സിർക്കോൺ, ടൈറ്റാനിയം ഡയോക്സൈഡ്, തോറിയം, ബോക്സൈറ്റ്, യുറേനിയം, റൂട്ടൈൽസ്
ഉത്പന്നങ്ങൾ
പൗഡർ, മെറ്റൽ അലോയ്ഡ്, പെയിന്റ്, സൗന്ദര്യ വർദ്ധക വസ്തുക്കൾ, വിമാനങ്ങൾ, മെഡിക്കൽ ഇംപ്ളാൻ, സാനിട്ടറി വസ്തുക്കൾ, ഫേസ് മേക്കർ, ഓട്ടോമോബൈൽ, ലതർ ഉത്പന്നങ്ങൾ, റബ്ബർ, ടെക്സ്റ്റയിൽ, ക്രീം, പേപ്പർ, മഷി