pillar-house

ആലപ്പുഴ: പ്രളയസമയത്ത് ദിവസങ്ങളോളം വീടിന്റെ കഴുക്കോൽ വരെ മുങ്ങിക്കിടക്കുന്ന ദുരിതത്തിൽ നിന്ന് രക്ഷതേടി കുട്ടനാട്ടിൽ പില്ലർ വീടുകൾ വ്യാപകമാകുന്നു. തൂണുകളിൽ തലയുയർത്തി നിൽക്കുന്ന ഇത്തരം വീടുകളെ വെള്ളപ്പൊക്കം ബാധിക്കില്ലെന്നതാണ് കുട്ടനാട്ടുകാർ ഇങ്ങനെ മാറി ചിന്തിക്കാൻ കാരണം.

താഴ്ന്ന പ്രദേശത്ത് പുത്തൻ വീട് പണിയുന്ന ഭൂരിഭാഗം പേരും പില്ലർ രീതി പിന്തുടരുന്നതിനാൽ ഭാവിയിലെ വെള്ളപ്പൊക്കം അതിജീവിക്കാനാവുമെന്ന പ്രതീക്ഷയിലാണ് നാട്. ആലപ്പുഴ സബ് കളക്ടറായിരുന്ന വി.ആർ. കൃഷ്ണതേജ ആരംഭിച്ച 'ഐ ആം ഫോർ ആലപ്പി' കാമ്പയിൻ വഴിയാണ് പില്ലർ വീടുകളെന്ന ആശയം കുട്ടനാട്ടിലെത്തിയത്. അഭയ ഫൗണ്ടേഷന്റെ സഹകരണത്തോടെ പ്രളയത്തിൽ തകർന്ന നാല് വീടുകളാണ് ഇങ്ങനെ നിർമ്മിച്ചത്. കുടുംബശ്രീയുടെ സേവനമാണ് വീടു നിർമ്മാണത്തിന് ഉപയോഗിച്ചിരുന്നത്. വിവിധ സ്‌പോൺസർമാരുടെ സഹായത്തോടെ പരമാവധി ആറ് ലക്ഷം രൂപ ചെലവിൽ ഈ വീടുകൾ പൂർത്തീകരിക്കാനായി.

പ്രളയത്തിൽ വീടിന്റെ കഴുക്കോൽ വരെ മുങ്ങിപ്പോയ അനുഭവമാണ് പില്ലർ വീട്ടിലേക്കു മാറാൻ കാരണമെന്ന് നെടുമുടി കുറുപ്പശേരി സ്വദേശി ഷൈജു ജോസഫ് പറയുന്നു. ക്ഷീരക‌‌ർഷകനായ ഷൈജുവിന്റെ പുത്തൻ വീട് 46 തൂണുകളിലാണ് നിൽക്കുന്നത്. മൂന്ന് മീറ്ററോളം ഉയരത്തിലാണ് വീടെന്നതിനാൽ വെള്ളപ്പൊക്കം ഭയക്കേണ്ടതില്ല. വാട്ടർ ടാങ്ക്, സെപ്ടിക് ടാങ്ക്, ആട്ടിൻതൊഴുത്ത്, കച്ചി സൂക്ഷിക്കാനുള്ള സ്ഥലം എന്നിങ്ങനെ വിവിധ രീതിയിലാണ് പില്ലർ നിൽക്കുന്ന ഭാഗം പ്രയോജനപ്പെടുത്തുന്നത്. ഒരു നില പണിയുന്നതിന്റെ സമാന ചെലവ് പില്ലർ നിർമ്മാണത്തിന് വേണ്ടിവരും. പില്ലറിന് ബലം കിട്ടാൻ വേണ്ടി പൈലിംഗോട് കൂടിയാണ് നിർമാണം. ഉയരം കൂടിയ പില്ലറുകളാണെങ്കിൽ ഇവിടം വാഹന പാർക്കിംഗിനും മത്സ്യക്കൃഷിക്കുമടക്കം പ്രയോജനപ്പെടുത്താനാവും.

പ്രളയങ്ങളിൽ വീട് പൂർണമായി തകർന്നിരുന്നു. പില്ലറുകൾക്ക് മേൽത്തട്ട് വാർത്ത് നി‌ർമ്മിച്ച വീട്ടിലാണിപ്പോൾ താമസം. വെള്ളപ്പൊക്കം വന്നാലും മുങ്ങിത്താഴില്ലെന്ന വിശ്വാസമുണ്ട്

ലത സണ്ണി,

നെഹ്രുട്രോഫി വാർഡ്

കൂടുതൽ ആളുകളും പില്ലർ വീടുകളാണ് തിരഞ്ഞെടുക്കുന്നത്. ജീവനും വസ്തുക്കളും സൂക്ഷിക്കാൻ കുട്ടനാട് പോലൊരു പ്രദേശത്ത് അനുയോജ്യവും ഇത്തരം വീടുകളാണ്. ഫൗണ്ടേഷൻ നിർമ്മിക്കാൻ ചുരുങ്ങിയത് രണ്ട് ലക്ഷം രൂപ ചെലവ് വരും.

കെ.മധു, കോൺട്രാക്ടർ

ആലപ്പി മാതൃക

 ഐ ആം ഫോർ ആലപ്പി വഴി നിർമിച്ച പില്ലർ വീടുകളുടെ ചെലവ് - 6 ലക്ഷം രൂപ

 സേവനത്തിന് എത്തിയത് കുടുംബശ്രീ പ്രവർത്തകർ

 മേസ്തിരി ഒഴികെയുള്ള തൊഴിലാളികളെല്ലാം സ്ത്രീകൾ

പില്ലർ വീടുകൾ വ്യാപകമായത്

കൈനകരി, നെടുമുടി, ചമ്പക്കുളം പ്രദേശങ്ങളിൽ

ഫോട്ടോ- നെടുമുടിയിൽ പില്ലർ വാർത്ത് തട്ട് കെട്ടി വീട് നിർമിക്കുന്നു