ആലപ്പുഴ: പത്തനംതിട്ട സ്വദേശിയും അംഗപരിമിതനുമായ യുവാവിനെ വാടക്കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. കോന്നി പ്രമാടം പഞ്ചായത്ത് ചെരുവിളയിൽ വർഗീസ് ജോണിന്റെ (42) മൃതദേഹമാണ് ബോട്ട് ജെട്ടിക്കു സമീപം കനാലിൽ ഇന്നലെ രാവിലെ പൊങ്ങിയത്. 19 വർഷങ്ങൾക്ക് മുമ്പ് ഡൽഹിയിൽ വെച്ച് ഇലക്ട്രിക് ജോലിക്കിടെ ഷോക്കേറ്റതിനെ തുടർന്ന് ഇരുകാലുകളും നഷ്ടപ്പെട്ട വർഗീസ് കൃത്രിമ കാലിന്റെ സഹായത്തോടെയാണ് നടന്നിരുന്നത്. എറണാകുളത്ത് നിന്നെത്തിയ വർഗീസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോകുന്നതിനാണ് ആലപ്പുഴയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. നടക്കാൻ പ്രയാസമുള്ളതിനാൽ അബദ്ധവശാൽ കനാലിലേക്ക് വീണതാകാമെന്നാണ് നിഗമനം. പൊലീസിന്റെ സഹായത്തോടെ ബോട്ട് ജെട്ടിയുടെ കരയ്ക്കടുപ്പിച്ച മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.