ആലപ്പുഴ: കഴിഞ്ഞ ദിവസമുണ്ടായ കടൽക്ഷോഭത്തിൽ വീടുകളിലേക്ക് വെള്ളം കയറിയ തീരപ്രദേശങ്ങൾ കളക്ടർ എ.അലക്‌സാണ്ടർ സന്ദർശിച്ചു. കടൽ ക്ഷോഭമുണ്ടായ ഒറ്റമശ്ശേരി, പള്ളിത്തോട് തീരപ്രദേശങ്ങളിലാണ് കളക്ടർ ഇന്നലെ സന്ദർശനം നടത്തിയത്. ഒറ്റമശ്ശേരിയിൽ എ.എം.ആരിഫ് എം.പിയും പള്ളിത്തോട് ഷാനിമോൾ ഉസ്മാൻ എം.എൽ.എയും കടൽ ക്ഷോഭമുണ്ടായ പ്രദേശങ്ങളിൽ എത്തിയിരുന്നു. അടിയന്തര സാഹചര്യത്തിൽ ജെ.സി.ബി ഉപയോഗിച്ച് കടൽത്തീരത്ത് മണ്ണ് മറ സൃഷ്ടിക്കാനും മണൽച്ചാക്ക് നിരത്തി വീടുകളും മറ്റും സംരക്ഷിക്കുന്നതിനും രണ്ടുലക്ഷം രൂപ വരെയുള്ള തുക തീരദേശപഞ്ചായത്തുകൾക്ക് ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് അനുവദിക്കും.
തുറവൂർ, കുത്തിയതോട്, കടക്കരപ്പള്ളി പഞ്ചായത്തുകൾക്ക് കടൽ ക്ഷോഭം തടയുന്ന പ്രവൃത്തികൾക്ക് ഈ തുക ഉടൻ അനുവദിക്കും. ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് അതത് തഹസിൽദാർമാർക്കാണ് തുക അനുവദിക്കുക. പഞ്ചായത്തുകൾക്ക് തീര സംരക്ഷണ പ്രവർത്തനങ്ങൾ ചെയ്യുന്ന മുറയ്ക്ക് തുക കൈമാറും. കടൽ ക്ഷോഭത്തിൽ അപകടാവസ്ഥയിലായ വീടുകൾ സംരക്ഷിക്കുന്നതിന് മണൽച്ചാക്ക് തയ്യാറാക്കി ഇടാൻ കളക്ടർ പഞ്ചായത്ത് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകി.
ചേർത്തല തഹസിൽദാർ ആർ.ഉഷ, കടക്കരപ്പള്ളി പഞ്ചായത്ത് സെക്രട്ടറി വി.ബാബു, ഒറ്റമശ്ശേരി തെക്ക് വാർഡ് മെമ്പർ ജമ്മ മാത്യു, തുറവൂർ പഞ്ചായത്ത് പ്രസിഡൻറ് അനിതാ സോമൻ, മെമ്പർ സീമോൾ ജോസി, സെക്രട്ടറി സതീ ദേവി എന്നിവരും കളക്ടർക്കൊപ്പമുണ്ടായിരുന്നു.