radhakrishnan

 58-ാം വയസിൽ യോഗയിൽ പിഎച്ച്ഡിക്ക് ശ്രമം

ആലപ്പുഴ: സെൻട്രൽ കയർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അഡിഷണൽ ഡയറക്ടർ എ.രാധാകൃഷ്ണനെന്ന തൃശൂരുകാരന് പഠനമൊരു യാത്രയാണ്. 58ന്റെ പടിവാതിലിൽ എത്തിനിൽക്കവേ, യോഗയിൽ പിഎച്ച്ഡിയാണ് അടുത്ത ലക്ഷ്യം.

സൈക്കോളജിയിലും സോഷ്യോളജിലും എംഎസ് സി, പൊളിറ്റിക്സിലും, പബ്ലിക് അഡ്മിനിസട്രേഷനിലും എം.എ, ഹ്യൂമൻ റിസോഴ്സിൽ പി.ജി തുടങ്ങി നേട്ടങ്ങളുടെ വലിയ ലിസ്റ്റാണ് രാധാകൃഷ്ണന്റെ പക്കലുള്ളത്. കലവൂരിലെ കയർ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലിത്തിരക്കുകൾക്കിടയിലും സമയം കണ്ടെത്തിയാണ് ഇഷ്ടവിഷയമായ യോഗയിൽ രാധാകൃഷ്ണൻ പഠനം തുടരുന്നത്. ഇരുപതാമത്തെ വയസിൽ യോഗയിൽ ആകൃഷ്ടനായി. ശരീരത്തിന്റെ സമതുലനാവസ്ഥ നിയന്ത്രിക്കാൻ കഴിയുന്ന യോഗിമാരായിരുന്നു പ്രചോദനം. ഒപ്പം ഏകാഗ്രത കരസ്ഥമാക്കാനുള്ള കടുത്ത മോഹം കൂടിയായതോടെ യോഗയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പലരുടെയും കീഴിൽ അഭ്യാസം തുടർന്നെങ്കിലും സംശയങ്ങൾക്ക് മറുപടി നൽകാൻ ഗുരുക്കൻമാർക്കായില്ല. അങ്ങനെയാണ് അണ്ണാമലൈ സർവകലാശാലയിൽ യോഗയിൽ പി.ജി ഡിപ്ലോമ വിദ്യാർത്ഥിയായി പ്രവേശനം നേടിയത്. അവിടെത്തന്നെ എംഎസ് സി യോഗയും പൂർത്തിയാക്കി നിലവിൽ പി.എച്ച്.ഡി ചെയ്യുന്നു.

കൗമാരക്കാരിലെ മൂല്യച്യുതി ഒഴിവാക്കാൻ യോഗയെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതാണ് രാധാകൃഷ്ണന്റെ ഗവേഷണ വിഷയം. കൊവിഡ് ഭീഷണിയെ ശാന്തമായി നേരിടാൻ യോഗയാണ് മികച്ച ഔഷധമെന്ന് രാധാകൃഷ്ണൻ പറയുന്നു. പ്രാണായാമത്തിലൂടെ ശ്വസനേന്ദ്രിയങ്ങളെ ആരോഗ്യത്തോടെ നിലനിറുത്താൻ കഴിയും. ആസനങ്ങൾ ശരീരത്തെ ശക്തവും, പ്രാണായാമം മനസിനെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. ഒപ്പം ചിട്ടയായ ജീവിതവും, നല്ല ഭക്ഷണവും പിന്തുടർന്നാൽ പോസിറ്റീവ് ചിന്തകളിൽ മനസുഖവും ശരീരസുഖവും നേടാനാവുമെന്നാണ് രാധാകൃഷ്ണന്റെ വാക്കുകൾ. ലോക്ക് ഡൗൺ തടസങ്ങൾ നീങ്ങുന്ന മുറയ്ക്ക് സാങ്കേതിക നടപടികൾ പൂർത്തിയായി പിഎച്ച്ഡി എന്ന പൊൻതുവലും രാധാകൃഷ്ണന് സ്വന്തമാകും. അദ്ധ്യാപികയായ സിന്ധുവാണ് തൃശൂർ കൊടകര സ്വദേശിയായ രാധാകൃഷ്ണന്റെ ഭാര്യ. മക്കൾ: ആദിത്യൻ, മൈത്രേയി