ഹരിപ്പാട്: 13കാരി വീട്ടിലെ മുറിക്കുള്ളിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ മാതാവിനെ റിമാൻഡ് ചെയ്തു. കാർത്തികപ്പള്ളി മഹാദേവികാട് ചിറ്റൂർ വീട്ടിൽ അശ്വതിയാണ്(32) കഴിഞ്ഞദിവസം ഹരിപ്പാട് കോടതി റിമാൻഡ് ചെയ്തു തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലാക്കിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് അശ്വതിയുടെ മകൾ ഹർഷയെ മുറിക്കുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. അന്നു മുതൽ തന്നെ അശ്വതി ക്കെതിരെ നാട്ടുകാർ ശക്തമായി രംഗത്തുണ്ടായിരുന്നു. തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ, കുട്ടിയെ ശാരീരികവും മാനസികവുമായി ഉപദ്രവിച്ചിരുന്നതായി അശ്വതി പൊലീസിനോട് സമ്മതിച്ചു. തൃക്കുന്നപ്പുഴ സി.ഐ ആർ.ജോസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ അശ്വതിയെ ജൂലായ് മൂന്ന് വരെയാണ് റിമാൻഡ് ചെയ്തത്. കുട്ടിയുടെ ആത്മഹത്യയിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് വിശദമായി പരിശോധിക്കുമെന്നും ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം വരുന്നതനുസരിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും കായംകുളം ഡിവൈ.എസ്.പി അലക്സ് ബേബി അറിയിച്ചു.