ചേർത്തല: കൊവിഡ് സർവ്വീസിനു ശേഷം അണുനശീകരണം നടത്തി ചേർത്തല കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ബസിൽ നുഴഞ്ഞു കയറിയ മദ്യപൻ അധികൃതരെ ആശങ്കയിലാക്കി.

ചേർത്തല കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ഇന്നലെ ശനിയാഴ്ച ഉച്ചയോടെയാണ് അജ്ഞാതനെ ബസിനുള്ളിൽ കണ്ടത്.മലപ്പുറം ഡിപ്പോയിലെ സൂപ്പർഫാസ്​റ്റ് ബസ് കഴിഞ്ഞ12 മുതൽ ഡിപ്പോയിലുണ്ട്. 12ന് വിദേശത്ത് നിന്നെത്തിയവരെ നിരീക്ഷണ കേന്ദ്രങ്ങളിൽ എത്തിച്ച ശേഷം അണുവിമുക്ത പ്രവർത്തനങ്ങൾ നടത്തിയാണ് ബസ് ഇവിടെ ഇട്ടിരുന്നത്. ഡോർ ലോക്കായിരുന്ന ബസിൽ ശനിയാഴ്ച ഉച്ചയോടെയാണ് ഒരാൾ കിടക്കുന്നത് സുരക്ഷാ ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽ പെട്ടത്. ഇതു പരിശോധിക്കുമ്പോഴേക്കും സമൂഹ മാദ്ധ്യമങ്ങളിൽ വിവരം വൈറലായി.കൊവിഡ് ബാധിതൻ ബസിൽ അവശനായി കുടുങ്ങിപ്പോയെന്ന തരത്തിലായിരുന്നു പ്രചാരണം. അധികൃതർ ഭീതിയോടെ പൊലീസിനെയും ആരോഗ്യവകുപ്പിനെയും അറിയിച്ചപ്പോഴേക്കും മദ്യപാനി ബസിന്റെ കിളിവാതിലിലൂടെ പുറത്തുചാടി ഓടി രക്ഷപ്പെട്ടു. ആളെ കണ്ടെത്താനായില്ലെന്നും അധികൃതർ വ്യക്തമാക്കി.