അരൂർ: വഴിത്തർക്കത്തെ തുടർന്ന് ബി.ജെ.പി. നേതാവിനെ ചുറ്റികയ്ക്ക് അടിച്ചു പരിക്കേൽപ്പിച്ചതായി പരാതി. ന്യൂനപക്ഷമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് അരൂർ പഞ്ചായത്ത് ആറാം വാർഡ് കളത്തറ വീട്ടിൽ അഗസ്റ്റിൻ കളത്തറ (74) യ്ക്കാണ് പരിക്കേറ്റത്. ചുറ്റികയുടെ അടിയേറ്റ് ഇടതു കൈ ഒടിഞ്ഞ നിലയിൽ ഇദ്ദേഹത്തെ തുറവൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2 ന് ആയിരുന്നു സംഭവം. നടവഴി സംബന്ധിച്ചു കോടതിയിൽ കേസ് നിലനിൽക്കുന്ന, അഗസ്റ്റിന്റെ ഭൂമിയിലെ ചുറ്റുവേലി പൊളിച്ച് സ്ഥലം കൈയേറാൻ ശ്രമിച്ചത് ചോദ്യം ചെയ്തപ്പോഴായിരുന്നു ആക്രമണം. എറണാകുളം പനങ്ങാട് സ്വദേശിയായ സന്തോഷ് (കണ്ണൻ) എന്നയാളാണ് മർദിച്ചതെന്ന് അഗസ്റ്റിൻ പറഞ്ഞു. അരൂർ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ബി.ജെ.പി ജില്ലാ കമ്മറ്റിയും,അരൂർ നിയോജക മണ്ഡലം കമ്മറ്റിയും പ്രതിക്ഷേധിച്ചു.